ADVERTISEMENT

പാലാ ∙ പാലാ നഗരസഭാ കൗൺസിൽ ഹാളിൽ നിന്നു കാണാതായ എയർപോഡിനെച്ചൊല്ലി ഭരണമുന്നണിക്കുള്ളിൽ വിവാദം. കൗൺസിൽ യോഗത്തിനിടെ തന്റെ എയർപോഡ് മോഷ്ടിച്ചത് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട ബിനു വിവാദത്തിനു പിന്നിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയാണെന്നു പരോക്ഷമായി ആരോപിച്ചു. ആപ്പിൾ ഐഫോണിന്റെ ഇയർഫോൺ ആണ് എയർപോഡ്.

ഒക്ടോബർ 4ലെ കൗൺസിൽ യോഗത്തിനിടെയാണു ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്ടപ്പെട്ടത്. ഈ മാസം 18നു ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ഇന്നലെ കൗൺസിൽ യോഗത്തിൽ ബിനു ഈ വിഷയം ഉന്നയിച്ചതോടെയാണു പോരു മുറുകിയത്.

ഇതോടെ എയർപോഡ് എടുത്തയാളുടെ പേരു വെളിപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) അംഗങ്ങൾ ആവശ്യപ്പെട്ടു. ബിനു യാത്ര ചെയ്ത പ്രദേശങ്ങളിൽ തന്റെ എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നുണ്ടെന്നു ജോസ് പറഞ്ഞു. ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണിതെന്നായിരുന്നു ബിനുവിന്റെ മറുപടി. ബഹളം വർധിച്ചതോടെ ഉപാധ്യക്ഷ യോഗം അവസാനിപ്പിച്ചു. വ്യക്തിവിദ്വേഷം വച്ചു പാർട്ടി ചെയർമാനെ വിവാദങ്ങളിലേക്കു വലിച്ചിടാൻ ബിനു ശ്രമിക്കുകയാണെന്നു കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ ലോപ്പസ് മാത്യു ആരോപിച്ചു.

കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണു നഗരസഭ ഭരിക്കുന്നത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിനു ലഭിച്ച നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തെ വരെ സമീപിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണു ബിനു ബിജെപിയിൽ നിന്നു സിപിഎമ്മിൽ എത്തിയത്.

English Summary:

Palai LDF muncipal councillor suspect in stealing Air pod of another councillor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com