ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിൽ നിന്നു സർക്കാരിനും സ്പീക്കർക്കും താൽപര്യമില്ലാത്ത ഒരു ദൃശ്യം പോലും പുറത്തു പോകരുതെന്ന വാശി ഒടുവിൽ പൂർണമായി നടപ്പാക്കി. ഇന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ വേളയിലെ ചിത്രങ്ങളെടുക്കാൻ പത്രങ്ങളിലെ ഫൊട്ടോഗ്രഫർമാർക്ക് സ്പീക്കർ അനുമതി നിഷേധിച്ചു. ചാനൽ വിഡിയോഗ്രഫർമാർക്ക് അനുമതി നിഷേധിച്ചിട്ടു വർഷങ്ങളായി. ഫൊട്ടോഗ്രാഫർമാർക്കും കഴി‍ഞ്ഞ 2 വർഷമായി അനുമതി നൽകുന്നില്ലെന്നാണ് ഇന്നത്തെ വിലക്കിനു സ്പീക്കറുടെ ഓഫിസ് ചൂണ്ടിക്കാട്ടുന്ന ന്യായം. എന്നാൽ, കഴിഞ്ഞ വർഷം വരെ പത്രങ്ങളിലെ ഫൊട്ടോഗ്രഫർമാർക്ക് നയപ്രഖ്യാപന പ്രസംഗത്തിനും ബജറ്റ് അവതരണത്തിനും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നു.

അവിടെ നിന്നു പകർത്തിയ ദൃശ്യങ്ങൾ പത്രങ്ങൾ കഴിഞ്ഞ വർഷം വരെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇനി സർക്കാർ ഫൊട്ടോഗ്രഫർമാർ എടുക്കുന്ന ചിത്രങ്ങളും സ്പീക്കർക്കു കീഴിലെ സഭാ ടിവി പകർത്തുന്ന ദൃശ്യങ്ങളും മാത്രമേ പുറത്തു ജനങ്ങളിലേക്കെത്തൂ. പ്രതിപക്ഷത്തിന്റെ പ്രതിഷേധം, സർക്കാർ ഇഷ്ടപ്പെടാത്ത ദൃശ്യങ്ങൾ തുടങ്ങിയവ പുറംലോകം കാണാൻ ഇടയില്ല. മുൻപ് ചോദ്യോത്തര വേള പൂർണമായി പകർത്താൻ ചാനലുകൾക്കും പത്രങ്ങൾക്കും അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇതു നിർത്തലാക്കി. പിന്നീടു പുനഃസ്ഥാപിച്ചുമില്ല. 

പറയുന്നതോ, പത്രസ്വാതന്ത്ര്യവും!

മാധ്യമങ്ങൾക്ക് സഭയിൽ എല്ലാ സ്വാതന്ത്യവും നിഷേധിക്കുമ്പോൾ നയപ്രഖ്യാപനത്തിൽ സർക്കാർ ഗവർണറെക്കൊണ്ട് വായിപ്പിക്കുന്നത് നേർവിപരീത നിലപാട്. കഴിഞ്ഞ വർഷം നയപ്രഖ്യാപന പ്രസംഗത്തിലെ ഏഴാം പേജിലെ വാക്യങ്ങൾ ഇങ്ങനെ: പത്രസ്വാതന്ത്ര്യം എന്നത് എല്ലാ ശക്തമായ ജനാധിപത്യ സമൂഹത്തിന്റെയും പ്രധാന സവിശേഷതയാണ്. സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവർത്തനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. പലവിധത്തിൽ മാധ്യമസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്ന ചില സംഭവങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉയരുന്നു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എന്റെ സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.

English Summary:

Photographs are also prohibited in Legislative Assembly for policy announcements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com