ADVERTISEMENT

പത്മഭൂഷൺ

ജസ്റ്റിസ് എം.ഫാത്തിമ ബീവി (മരണാനന്തരം)

തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത. മുൻസിഫ്, മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി പദവിയിലെത്തിയ ആദ്യ മുസ്‌ലിം വനിതയും മറ്റാരുമല്ല. പിന്നീടു മുസ്‌ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയും. 2023 ൽ ‘കേരളപ്രഭ’ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും 8 മക്കളിൽ ആദ്യത്തെയാൾ. കഴിഞ്ഞ നവംബർ 23നു 96–ാം വയസ്സിൽ മരിച്ചു.

ഉഷ ഉതുപ്പ്

ഇന്ത്യൻ പോപ് സംഗീത വിസ്മയം. മുംബൈയിൽ ജനനവും പഠനവും. നിശാക്ലബ്ബുകളിലെ സ്റ്റേജിൽ ഒരു പെൺകുട്ടിയെ സങ്കൽപിക്കാൻ കഴിയാതിരുന്ന കാലത്ത്, 1969 ൽ ചെന്നൈയിലെ ‘നയൻ ജെംസ്’ എന്ന ക്ലബ്ബിൽ പാടിത്തുടങ്ങി. അവിടെനിന്നു കൊൽക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഏറ്റവും കൂടുതൽ ഇംഗ്ലിഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക. ഒട്ടേറെ സിനിമകളിലും പാടി. മലയാളി ജാനി ചാക്കോ ഉതുപ്പാണു ജീവിതപങ്കാളി. കേരള ടൂറിസത്തിന്റെ പ്രമോഷൻ ഗാനമായ ‘എന്റെ കേരളം എത്ര സുന്ദരം...’ ഉഷ ഉതുപ്പിന്റെ ഗാനങ്ങളിൽ മലയാളിക്കു മറക്കാനാകില്ല.

ഒ.രാജഗോപാൽ

കേരളത്തിലെ ഏറ്റവും മുതിർന്ന ബിജെപി നേതാവായ ഒ.രാജഗോപാൽ പാലക്കാട് പുതുക്കോട് സ്വദേശിയാണ്. അഭിഭാഷകനായിരുന്ന അദ്ദേഹം ജനസംഘത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. 1999 മുതൽ 2004 വരെ എ.ബി.വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ–വിദേശകാര്യ–നിയമ വകുപ്പുകളുടെ സഹമന്ത്രിയായി. 1992–2004 കാലഘട്ടത്തിൽ മധ്യപ്രദേശിൽ നിന്നു രാജ്യസഭയിലെത്തി. കഴിഞ്ഞ നിയമസഭയിൽ നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം കേരളത്തിലെ ആദ്യ ബിജെപി എംഎൽഎയാണ്.

പത്മശ്രീ

പി.ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം)

വിദ്യാഭ്യാസ വിചക്ഷണൻ, പൊതുവിദ്യാഭ്യാസ മുൻ ജോയിന്റ് ഡയറക്ടർ. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനാണ്. പരീക്ഷാ നടത്തിപ്പ് പരിഷ്കരണം, പ്രൈമറി ക്ലാസുകളിൽ എല്ലാവർക്കും സ്ഥാനക്കയറ്റം തുടങ്ങിയവയ്ക്കു പിന്നിലും പ്രവർത്തിച്ചു. തുടർച്ചയായി 30 വർഷം ഹിമാലയ യാത്രകൾ നടത്തി. മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ 1957ൽ ഒരു രൂപയ്ക്കു സർക്കാരിനു നൽകി. വിദ്യാരംഗം മാസികയുടെ പത്രാധിപരായിരുന്നു. ‘പുണ്യഹിമാലയം’ യാത്രാവിവരണ ഗ്രന്ഥം രചിച്ചു. 2023 ജൂൺ‌ 27ന് 101–ാം വയസ്സിൽ വിടവാങ്ങി.

മുനി നാരായണ പ്രസാദ്

വർക്കല ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ. ആറ്റിങ്ങൽ നഗരൂർ സ്വദേശി. പൊതുമരാമത്ത് വകുപ്പിലെ ജോലി ഉപേക്ഷിച്ചു സന്യാസ ജീവിതത്തിലേക്കു കടന്നു. 1970 ജനുവരി ഒന്നിനു നടരാജഗുരുവിൽനിന്നു ബ്രഹ്മചര്യദീക്ഷയും 1985 ൽ ഗുരു നിത്യചൈതന്യയതിയിൽനിന്നു സന്യാസദീക്ഷയും സ്വീകരിച്ചു.1999 ൽ നിത്യചൈതന്യയതിക്കു ശേഷം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും ഗുരുവുമായി. 122 കൃതികൾ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചു. ‘ആത്മായനം’ ആണ് ആത്മകഥ.

അശ്വതി തിരുനാൾ ഗൗരീലക്ഷ്മി ബായി

എഴുത്തുകാരി. തിരുവിതാകൂറിലെ അവസാന രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ അനന്തരവൾ. തിരുമുൽക്കാഴ്ച, ദ് ഡോൺ (കവിതാ സമാഹാരങ്ങൾ), ശ്രീപത്മനാഭ സ്വാമി ടെംപിൾ, തുളസി ഗാർലൻഡ്, ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്.

സദനം ബാലകൃഷ്ണൻ

കണ്ണൂർ തളിപ്പറമ്പ് സ്വദേശി. 11–ാം വയസ്സിൽ കഥകളി പഠനം ആരംഭിച്ചു. 1958 ൽ പാലക്കാട് ഗാന്ധി സേവാസദനം കഥകളി അക്കാദമിയിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കി. തുടർന്നു പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി സംഘത്തിൽ ചേർന്നു. 1974 ൽ ഡൽഹി രാജ്യാന്തര കഥകളി കേന്ദ്രത്തിൽ അധ്യാപകനായി. 2007 ൽ വിരമിച്ചു. ഡൽഹി സർക്കാരിന്റെ പരിഷത് സമ്മാൻ, കേന്ദ്ര സംഗീത, നാടക അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ഫെലോഷിപ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജാനകി, മക്കൾ: പ്രസാദ്, പ്രദീപ്. ഇപ്പോൾ എറണാകുളം ചോറ്റാനിക്കരയിൽ താമസം.

ഇ.പി.നാരായണൻ പെരുവണ്ണാൻ

പത്മശ്രീ ലഭിക്കുന്ന ആദ്യ തെയ്യം കലാകാരൻ. കണ്ണൂർ തളിപ്പറമ്പ് പാലോളങ്ങര സ്വദേശി. 13–ാം വയസ്സിൽ പനക്കാട് ചെറുവയലിൽ പാടാർകുളങ്ങര വീരൻ കെട്ടി തെയ്യം രംഗത്തെത്തി. 6 പതിറ്റാണ്ടായി സജീവം. കളരി, തോറ്റംപാട്ട്, മുഖത്തെഴുത്ത്, അണിയല നിർമാണം, വാദ്യം എന്നിവയിലെല്ലാം പ്രാവീണ്യം. കളിയാട്ടം സിനിമയിൽ സുരേഷ് ഗോപിയുടെ ഗുരുവായി അഭിനയിച്ചു. കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, മലയാള മനോരമയുടെ തെയ്യം പ്രണാമം പുരസ്കാരം, കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ് തുടങ്ങിയവ ലഭിച്ചു. ഭാര്യ: പ്രീത. മക്കൾ: നിഖില, നിധീഷ്.

സത്യനാരായണ ബെളേരി

വിശാലമായ വയലിലെ നെൽക്കൃഷിയെന്ന പരമ്പരാഗത രീതി മറികടന്ന കർഷകൻ. ഗ്രോബാഗിലാണു കൃഷി. പേപ്പർ ഗ്ലാസിൽ വിത്തു മുളപ്പിച്ചു ഗ്രോബാഗിലേക്കു പറിച്ചു നടും. രാജ്യത്തും വിദേശങ്ങളിലുമുള്ള 650 ഇനം നെൽവിത്തുകളുടെ സംരക്ഷകൻ. കാസർകോട് ബെള്ളൂർ ബെളേരി സ്വദേശി. 2021 ലെ കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരവും 2022ൽ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്കാരവും നേടി.

English Summary:

Malayalees who won Padma awards 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com