കേന്ദ്രസേന വന്നാലും ഗവർണർക്കെതിരെ പ്രതിഷേധം തുടരും: എസ്എഫ്ഐ
![PM Arsho | Photo: Gibi Sam / Manorama എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ഫോട്ടോ: ഗിബി സാം ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/6/26/pm-arsho.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്താൻ ശ്രമിച്ചാലും സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. കൊല്ലം നിലമേലിൽ ഗവർണറുടെ ഭീഷണിക്ക് വഴങ്ങി പ്രവർത്തകർക്കെതിരെ 124 വകുപ്പ് ചേർത്ത പൊലീസ് നടപടിയെ കോടതിയിൽ ചോദ്യം ചെയ്യും. പൊലീസ് നടപടിയിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ആർഷോ ആവശ്യപ്പെട്ടു.
മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ് സർവകലാശാല ചാൻസലർ ഇടപെട്ടത്. റോഡരികിൽ സമരം ചെയ്തവർക്കെതിരെ പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത്. പ്രോട്ടോക്കോൾ ലംഘിച്ച് വാഹനം നിർത്തി പുറത്തിറങ്ങി സമരക്കാർക്കു നേരെ ആക്രോശിച്ച് പാഞ്ഞടുത്തു. ഈ സമയത്തും വിദ്യാർഥികൾ സംയമനം പാലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനു പിന്നാലെ വാഹനത്തെയും തന്നെയും ആക്രമിച്ചതായി ചാൻസലർ നുണ പറയുന്നു. ഗവർണറുടെ വാഹനത്തിനടുത്തേക്ക് ഒരു വിദ്യാർഥിയും പോയിട്ടില്ലെന്നു ദ്യശ്യങ്ങളിൽ വ്യക്തമാണ്. 16 ലക്ഷത്തോളം അംഗങ്ങളുള്ള വിദ്യാർഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. ഈ വിദ്യാർഥികൾ തെരുവിലേക്കിറങ്ങിയാൽ ആരിഫ് മുഹമ്മദ് ഖാന് അനങ്ങാൻ കഴിയില്ലെന്ന് ആർഷോ പറഞ്ഞു.
∙ ‘കുറെനാളായി ഗവർണർ എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് നിയമസഭയിൽ കണ്ടത്. ഭരണഘടനാവിരുദ്ധമാണത്. നിലവിട്ടാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. പദവിക്കു ചേർന്നതല്ല അത്.’ – എം.വി. ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി
∙ ‘നിയമസഭയോടും ഭരണഘടനയോടും കേരള ജനതയോടും അനാദരം കാണിച്ചുകൊണ്ടിരിക്കുന്ന ഗവർണറെ കേന്ദ്രം ഉടൻ തിരിച്ചുവിളിക്കണം. ലക്കും ലഗാനുമില്ലാതെയുള്ള ഗവർണറുടെ പെരുമാറ്റം പദവിക്കു നിരക്കാത്തതാണ്. അദ്ദേഹത്തെ ബിജെപിയും യുഡിഎഫും കുരുങ്ങുകളിപ്പിക്കുകയാണ്. ഗവർണറെ വിദ്യാർഥികൾ കരിങ്കൊടി കാണിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. കരിങ്കൊടി കാണിച്ച വിദ്യാർഥികളെ ഗവർണർ തെറി പറഞ്ഞു.’ – ഇ.പി. ജയരാജൻ, എൽഡിഎഫ് കൺവീനർ
∙ ‘സുരക്ഷ കൊടുക്കേണ്ട സർക്കാർ ഗവർണറെ വഴിയിൽ തടയാൻ വഴിയൊരുക്കുകയാണ്. ഇതു നാടകമല്ലാതെ മറ്റെന്താണ്? ഇതാണോ കേന്ദ്രവിരുദ്ധ സമരം? മുഖ്യമന്ത്രിക്കെതിരെ ഒരു പ്രതിഷേധവും പാടില്ലെന്നു നിലപാടെടുക്കുമ്പോൾ തന്നെ ഗവർണർക്കെതിരെ സ്വന്തം ആളുകളെ ഇളക്കിവിടുകയാണു മുഖ്യമന്ത്രി.’ – വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്