ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം ലോക്സഭാ സീറ്റ് ആർഎസ്പിക്ക് തന്നെ നൽകാൻ യുഡിഎഫിൽ ധാരണയായി. സിറ്റിങ് എംപി എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായശേഷം ആർഎസ്പി നടത്തും.

കഴിഞ്ഞ രണ്ടു തവണയായി കൊല്ലം യുഡിഎഫിനായി നിലനിർത്തുന്ന ആർഎസ്പിക്കും എൻ.കെ.പ്രേമചന്ദ്രനും സീറ്റ് നൽകാൻ കോൺഗ്രസ്–ആർഎസ്പി ചർച്ചകളിൽ ഏറെ ആലോചന വേണ്ടിവന്നില്ല. രാജ്യം ശ്രദ്ധിക്കുന്ന എംപിയാണ് ഇപ്പോൾ കൊല്ലത്തുള്ളതെന്നും പ്രേമചന്ദ്രൻ അല്ലാതെ മറ്റാർക്കാണ് സീറ്റ് എന്നും ചർച്ചകൾക്കു ശേഷം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ചോദിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. എന്നാൽ യുഡിഎഫിലെ എല്ലാ കക്ഷികളുമായി ചർച്ച പൂർത്തിയായ ശേഷമേ സീറ്റ് ആർഎസ്പിക്ക് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ആ സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവച്ചു.

വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ എന്നിവർ കോൺഗ്രസിനായി ചർച്ചകളിൽ പങ്കെടുത്തു. ഷിബുവും പ്രേമചന്ദ്രനും കൂടാതെ എ.എ.അസീസും ബാബു ദിവാകരനും ആർഎസ്പിയെ പ്രതിനിധീകരിച്ചു.

കേരള കോൺഗ്രസുമായും (ജേക്കബ്) ഉഭയകക്ഷി ചർച്ച നടത്തി. ലോക്സഭാ സീറ്റ് അവകാശവാദം അവർ ഉന്നയിച്ചില്ല. ജില്ലാ യുഡിഎഫ് ഘടകങ്ങളുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്തി.

‘തിരുവനന്തപുരം’ സൂചിപ്പിച്ച് തരൂർ

പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂർ എംപി. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം വ്യത്യസ്തമാകാൻ ഇടയില്ലെന്നു കരുതുന്നു. മത്സരിക്കാനുള്ള തയാറെടുപ്പുകൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പ്രഖ്യാപനം വരുന്നതിനു മുൻപേ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലേക്കു കടക്കാനാകില്ല  – തരൂർ പറഞ്ഞു.

ലോക്സഭ; മൂന്നാം സീറ്റിന് ലീഗ് വാശി പിടിക്കില്ല

മലപ്പുറം ∙ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ സമ്മർദത്തിലാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മുസ്‌ലിം ലീഗ്. ഇരുപാർട്ടികളും തമ്മിൽ ഇന്നു നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റിനായി ലീഗ് വാശി പിടിക്കില്ല. ലോക്സഭയിലേക്ക് മൂന്നു സീറ്റിൽ മത്സരിക്കാനുള്ള കരുത്തും സംഘടനാശേഷിയും പാർട്ടിക്കുണ്ടെന്നതിൽ ലീഗിൽ രണ്ടഭിപ്രായമില്ല. മൂന്നാം സീറ്റ് ചോദിക്കണമെന്ന വികാരവും ചില നേതാക്കൾക്കുണ്ട്. എന്നാൽ, ദേശീയതലത്തിൽ ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിനെ സമ്മർദത്തിലാക്കുന്ന നിലപാട് വേണ്ടെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. സിറ്റിങ് സീറ്റുകളായ മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലായിരിക്കും ലീഗ് മത്സരിക്കുക.

English Summary:

Loksabha Election: RSP decides to field N.K.Premachandran in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com