കയ്യേറ്റം: കുഴൽനാടനെതിരെ റവന്യു വകുപ്പിന്റെ കേസ്

Mail This Article
ചിന്നക്കനാൽ (ഇടുക്കി) ∙ പാപ്പാത്തിച്ചോലയിലെ കപ്പിത്താൻസ് റിസോർട്ടിനോടു ചേർന്നു പട്ടയമില്ലാത്ത 50 സെന്റ് അധികഭൂമിയുണ്ടെന്ന റവന്യു വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ റവന്യു കേസ്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ഫെബ്രുവരി 8നു മുൻപു രേഖകൾ സഹിതം ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടുമ്പൻചോല എൽആർ തഹസിൽദാർ എംഎൽഎക്കു നോട്ടിസും നൽകി.
മാത്യു കുഴൽനാടന്റെയും 2 സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള റിസോർട്ടിനോടു ചേർന്ന് 50 സെന്റ് സർക്കാർ ഭൂമി അധികമായി കയ്യേറിയിട്ടുണ്ടെന്നാണു റവന്യു വകുപ്പിന്റെ കണ്ടെത്തൽ. റിസോർട്ട് ഉടമകൾക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരമാണു റവന്യു വകുപ്പ് കേസെടുത്തത്. റിസോർട്ടിനോടു ചേർന്നുള്ള അധികഭൂമി ഏറ്റെടുക്കാൻ നേരത്തേ ഇടുക്കി കലക്ടർ അനുമതി നൽകിയിരുന്നു. നോട്ടിസ് നൽകിയത് റവന്യു വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനായില്ലെങ്കിൽ അധികഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിജിലൻസും ഇൗ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസ് സംഘം കുഴൽനാടന്റെ മാെഴി രേഖപ്പെടുത്തിയിരുന്നു.
കുഴൽനാടനെതിരെ സി.വി.വർഗീസ്
ധാർമികതയുണ്ടെങ്കിൽ ചിന്നക്കനാലിൽ അധികമുള്ള ഭൂമി വിട്ടുകൊടുക്കാൻ മാത്യു കുഴൽനാടൻ തയാറാകണമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കുഴൽനാടനു വാചകം മാത്രമാണുള്ളത്. നിയമജ്ഞനായ മാത്യു കുഴൽനാടൻ ഒന്നുമറിയാത്ത കൊച്ചുകുട്ടിയൊന്നുമല്ല. പച്ചയായ കയ്യേറ്റമാണു നടത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുത്തു ഭൂരഹിതർക്കു വിതരണം ചെയ്യണമെന്നും വർഗീസ് ആവശ്യപ്പെട്ടു.