സഹകരണബാങ്ക് ചോദ്യം കുരുക്കായി; പിൻവലിച്ച് സലാം എംഎൽഎ

Mail This Article
തിരുവനന്തപുരം ∙ സഹകരണ ബാങ്ക് ക്രമക്കേടുകളെക്കുറിച്ചുള്ള നിയമസഭാ ചോദ്യം പിൻവലിച്ച് അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച്.സലാം. സഹകരണ വകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണെന്നായിരുന്നു ചോദ്യം. ഈ ബാങ്കുകളുടെ ജില്ല തിരിച്ചുള്ള പട്ടിക, ഭരിക്കുന്ന പാർട്ടികളുടെ വിവരം സഹിതം നൽകാമോയെന്നും ചോദിച്ചിരുന്നു.
നക്ഷത്ര ചിഹ്നമിടാത്ത 793–ാം നമ്പർ ചോദ്യത്തിന് മന്ത്രി വി.എൻ.വാസവനാണു മറുപടി പറയേണ്ടിയിരുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്കു വെബ്സൈറ്റിലാണു മറുപടി ലഭ്യമാക്കുക. എംഎൽഎമാർക്കു നൽകുന്ന ബുക്‌ലെറ്റിൽ ഇടംപിടിച്ച സലാമിന്റെ ചോദ്യം പക്ഷേ പിൻവലിച്ചതായാണു വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കരുവന്നൂർ, കണ്ടല ഉൾപ്പെടെ ഇടതുഭരണസമിതികളുടെ ക്രമക്കേടിൽ ഇ.ഡി. അന്വേഷണം നടക്കുമ്പോൾ ചോദ്യം പരിഗണിച്ചാൽ സർക്കാർ വെട്ടിലാകുമായിരുന്നു. സലാമിന്റെ ചോദ്യത്തിന് കരുവന്നൂരും കണ്ടലയുമില്ലാതെ പട്ടിക നൽകാൻ കഴിയില്ല. രാഷ്ട്രീയബന്ധം പരാമർശിച്ചാൽ സിപിഎമ്മിന്റെയും സിപിഐയുടെയും പേരു പറയേണ്ടിവരും. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പട്ടിക സൂക്ഷിക്കുന്നില്ലെന്നു മറുപടി നൽകിയാൽ, നേരത്തേ മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പട്ടിക പ്രതിപക്ഷം ആയുധമാക്കും. ഇതെല്ലാം കണക്കിലെടുത്ത് ചോദ്യം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണു വിവരം. അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന സലാം ഇന്നലെ സഭയിലെത്തിയില്ല.