ADVERTISEMENT

സ്ത്രീധനത്തിന്റെ പേരിൽ, 24 വയസ്സ് മാത്രമുള്ള പെൺകുട്ടി നെഞ്ചിൻകൂട് തകർന്ന്, വാരിയെല്ലുകൾ പൊട്ടി, വയറിൽ ക്രൂരമായ മർദനമേറ്റ് മരണത്തിനു കീഴടങ്ങിയിട്ട് ഇന്ന് 85 നാൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുമ്പോൾ പുറത്തു വരുന്നത് ഭർതൃവീട്ടിൽ ആ പെൺകുട്ടി അനുഭവിച്ച ദാരുണകഥകൾ!

സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഡോ. ഷഹ്നയുടെയും ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായി മരിച്ച കോഴിക്കോട് സ്വദേശി ഷബ്നയുടെയും മരണങ്ങളിൽ കേരളം കണ്ണീർ വാർത്തപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതാണു കോട്ടയം അതിരമ്പുഴ സ്വദേശി ഷൈമോൾ സേവ്യറുടെ മരണം. 

ഷൈമോളുടെ മരണത്തിലെ ദുരൂഹത തേടി അതിരമ്പുഴ കാട്ടുപ്പാറ വീട്ടിലെത്തുമ്പോൾ അവിടെ കണ്ടത് നെഞ്ചിലെ തേങ്ങലടങ്ങാത്ത അമ്മയെ; ഏക സഹോദരി നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ വിട്ടുമാറാത്ത സഹോദരങ്ങളെ. അവർ പറഞ്ഞതോ മനഃസാക്ഷി മരവിപ്പിക്കുന്ന ക്രൂരതയുടെ കഥകളും.

 വിദ്യാർഥിയായിരിക്കെ വിവാഹം, പിന്നെ ദുരിതനാളുകൾ  

കുട്ടികൾ നന്നേ ചെറുതായിരിക്കുമ്പോഴാണ് പിതാവ് ഷാജി ജോർജ് കാറപകടത്തി‍ൽ മരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് അമ്മ ഷീല ഷൈമോളെയും ഷാനെയും ഷൈനെയും വളർത്തിയത്. ഡിഗ്രി വിദ്യാർഥിയായിരിക്കെയാണ് ഷൈമോൾ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയെ പരിചയപ്പെടുന്നത്. ലോറി, ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

വിവാഹാലോചന വന്നപ്പോൾ വീട്ടുകാർ എതിർത്തു. അന്ന് അനിലിന്റെ പേരിൽ കഞ്ചാവു വിൽപനയും അടിപിടിയും ഉൾപ്പെടെ 4 കേസുകൾ ഉണ്ടായിരുന്നു. പക്ഷേ വീടുവിട്ടിറങ്ങി അനിലിനെ വിവാഹം കഴിച്ച ഷൈമോൾ ഭർതൃവീട്ടിൽ സന്തോഷമായി കഴിയുന്നു എന്നാണ് വീട്ടുകാർ കരുതിയത്.  4 വർഷമായി താൻ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഷൈമോൾ ഒരിക്കൽപോലും പറഞ്ഞിരുന്നുമില്ല, മരണത്തിനു രണ്ടു നാൾ മുൻപു വരെയും. 

ഷൈമോളെ വീട്ടുകാർക്ക് ഒരിക്കൽപോലും നേരിട്ടു വിളിക്കാൻ കഴിയുമായിരുന്നില്ല.  ഭർത്താവിന്റെയോ ഭർതൃമാതാവിന്റെയോ ഫോൺ എടുത്ത് രഹസ്യമായിട്ടാണ് അമ്മയെ വിളിച്ചിരുന്നത്. ഇടയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയെങ്കിലും അതിനും വിടാതായതോടെ സ്വന്തം വീടുമായുള്ള എല്ലാ ബന്ധവും നിലച്ചു. 

കഥ പറയും മെസേജുകൾ 

ഷൈമോൾ തന്റെ ദുരിതങ്ങളെല്ലാം പങ്കുവച്ചിരുന്നത് ഭർതൃ സഹോദരന്റെ ഭാര്യയോടാണ്. മദ്യപിച്ചെത്തി ഭർത്താവ് സ്ഥിരമായി മർദിക്കുന്നതും ഭർതൃപിതാവ്  മോശമായി പെരുമാറിയതും ഭർതൃമാതാവിന്റെ മാനസിക പീഡനങ്ങളുമെല്ലാം ആ  മെസേജുകളിലുണ്ടായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മർദനം. യുകെയിൽ താമസിക്കുന്ന അവരാണ് ഷൈമോളുടെ അമ്മയെ ഇക്കാര്യങ്ങൾ അറിയിച്ചത്. 

ഭർതൃവീട്ടുകാരറിയാതെ ഒരു ദിവസം പുലർച്ചെ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയ ഷൈമോൾ അവൾ അനുഭവിച്ച പീഡകൾ അമ്മയോടു പറഞ്ഞു. മർദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കാണിച്ചുകൊടുത്തു. 

വീണ്ടും ആ വീട്ടിലേക്ക് പോകില്ലെന്ന് അമ്മയോടു സത്യം ചെയ്തു. നവംബർ അഞ്ചിനായിരുന്നു ഇത്. ഷൈമോളുടെ മരണത്തിനു രണ്ടു ദിവസം മുൻപ്... 

ഷൈമോൾ നേരിട്ട ദുരിതങ്ങൾ ചോദിച്ചറിയുന്നതിനു  വേണ്ടി  അമ്മയും ബന്ധുക്കളും അന്നുതന്നെ അനിലിന്റെ വീട്ടിലെത്തി. എന്നാൽ അവൾക്ക് ഇനി ഒരു ഉപദ്രവവും ഉണ്ടാവില്ലെന്ന് അനിലും മാതാപിതാക്കളും ഉറപ്പു നൽകി.  

2023 നവംബർ 7 രാവിലെ 8.30   

ഹാർട്ട് അറ്റാക്ക് എന്നു പറഞ്ഞാണ് ഷൈമോളെ ഭർതൃവീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിലെ മുറിവുകൾ കണ്ട് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.   മണിക്കൂറുകൾ  കഴിഞ്ഞാണ് അമ്മയെ വിവരം അറിയിക്കുന്നത്. അവിടെ കണ്ടത് ഷൈമോളുടെ പാതിയടഞ്ഞ കണ്ണുകൾ. 

മകളുടെ മുഖം കയ്യിലെടുത്തു പൊട്ടിക്കരഞ്ഞ അമ്മയുടെ വിരലുകളിൽ ഷൈമോളുടെ ചെവിക്കു പിന്നിൽനിന്നിറങ്ങിയ രക്തത്തിന്റെ നനവു പടർന്നു!  

ക്രൂരപീഡനം വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

ക്രൂരമായ പീഡനത്തിനിരയായി ആണു ഷൈമോൾ മരിച്ചതെന്നു വീട്ടുകാർ പോലുമറിയുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ്. പ്രധാനമായും 4 തരം മുറിവുകളാണ് അതിൽ പറയുന്നത്. 

1. നെഞ്ചിനേറ്റ കനത്ത പ്രഹരത്തെത്തുടർന്ന് നെഞ്ചിന്റെ ഭിത്തി (sternum) പൊട്ടിയുണ്ടായ രക്തസ്രാവം. 

2. മർദനത്തെത്തുടർന്ന് വയറിനുള്ളിൽ കെട്ടിക്കിടന്ന അര ലീറ്റർ കറുത്ത രക്തം. 

3. കയറിൽ തൂങ്ങിയപ്പോൾ കഴുത്തിലുണ്ടായ മുറിവുകൾ. 

4. ഇരു തുടകളിലും കൈത്തണ്ടയിലും കാണപ്പെട്ട ചതവിന്റെയും പൊള്ളലിന്റെയും പഴയ പാടുകൾ. 

ആരോഗ്യമുള്ള ഒരാളുടെ നെഞ്ചിന്റെ സംരക്ഷണ അസ്ഥി തകർക്കുക എളുപ്പമല്ലെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു. അത്ര ദൃഢവും കട്ടിയുള്ളതുമാണത്. മലർത്തിക്കിടത്തി നെഞ്ചിൽ ആഞ്ഞു ചവിട്ടുകയോ ചുറ്റിക പോലെയുള്ള വസ്തുകൊണ്ട് ഇടിക്കുകയോ ചെയ്താൽ മാത്രമേ അതു പൊട്ടൂ.

 ഇതു തകർന്നിട്ടുണ്ടെങ്കിൽ അത്ര ക്രൂരമായ മർദനം ഏറ്റിട്ടുണ്ട്. വൻകുടലിൽ കനത്ത ക്ഷതം ഏറ്റതുകൊണ്ടാണ് അര ലീറ്ററോളം കറുത്ത രക്തം കെട്ടിക്കിടന്നതെന്നും ഡോക്ടർമാർ പറയുന്നു.

ആത്മഹത്യയോ കൊലപാതകമോ? 

രാവിലെ 6.40ന് അനിലിന്റെ ഫോണിൽനിന്ന് അമ്മയോടു സംസാരിക്കുമ്പോഴും 7 മണിക്ക് ഗേറ്റ് വരെ നടന്നെത്തി പാൽക്കാരനോടു സംസാരിക്കുമ്പോഴും ഷൈമോൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളോ ആത്മഹത്യാ പ്രവണതയോ ഉണ്ടായിരുന്നില്ല. പാൽപാത്രവുമായി വീടിനുള്ളിലേക്കു കയറിയ ഷൈമോൾക്ക് എന്താണു സംഭവിച്ചത് എന്ന കാര്യത്തിലാണ് അന്വേഷണം വേണ്ടത്. നെഞ്ചിന്റെ ഭിത്തിയും വാരിയെല്ലും തകരാൻമാത്രം അവളെ ആരാണ് മർദിച്ചത്? നെഞ്ചിലും വയറിലും ആഴത്തിൽ  മുറിവേറ്റ പെൺകുട്ടിക്ക് എഴുന്നേറ്റു പോയി ആത്മഹത്യ ചെയ്യാനുള്ള ശാരീരിക, മാനസിക അവസ്ഥ ഉണ്ടാവുമോ? ഈ ചോദ്യങ്ങൾക്കാണ് ഉത്തരം തേടേണ്ടത്.അനിലും പിതാവും അറസ്റ്റിലായെങ്കിലും ജാമ്യത്തിലാണ്. ഷൈമോളുടെ രണ്ടര വയസ്സുള്ള മകളുടെ സംരക്ഷണം ഇപ്പോൾ കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്.  

ക്രൂരമായ മർദനത്തിനു തെളിവുകളുണ്ട്

ഷൈമോളുടെ മരണത്തിൽ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം എന്നിവ ഉൾപ്പെടുത്തി സെക്‌ഷൻ 306, 498 A പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ മർദനത്തിനു തെളിവുകളുണ്ട്. കുറ്റപത്രം ഉടൻ സമർപ്പിക്കും. –കെ.ജി. അനീഷ് കുമാർ(ഡിവൈഎസ്പി,കോട്ടയം)

English Summary:

Dowry Harassment death in Kottayam Athirampuzha,The postmortem report of deceased Shymol says Stories of brutal torture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com