ADVERTISEMENT

തിരുവനന്തപുരം ∙ കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതര സംസ്ഥാന ഐടി കോർപറേറ്റുകളിൽ നിന്നു 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി സിപിഎം അംഗം പി.വി.അൻവർ നിയമസഭയിൽ. അൻവറിന്റെ ആരോപണം സഭാ രേഖകളിൽനിന്നു നീക്കം ചെയ്യണമെന്നു താൻ ആവശ്യപ്പെടുന്നില്ലെന്നും ഇങ്ങനെയുള്ള ആൾക്കാരും ഈ നിയമസഭയിൽ ഉണ്ടായിരുന്നെന്ന് വരാനിരിക്കുന്ന തലമുറ അറിയട്ടെയെന്നും സതീശൻ പരിഹസിച്ചു.

അൻവറിന്റെ ആരോപണം

∙ കർണാടകയിലും ഹൈദരാബാദിലും ഐടി ഇൻഫ്രാസ്ട്രക്ചർ ലെൻഡിങ് മേഖലയിലെ വൻകിട കമ്പനികൾ കെ റെയിൽ പദ്ധതിയെക്കുറിച്ച് സർവേ നടത്തി. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും ഐടി മേഖല ശക്തമാകും. കേരളത്തിൽ ഐടി വിദ്യാഭ്യാസമുള്ള 25 ലക്ഷത്തിലേറെ കുടുംബിനികളുണ്ട്. കുടുംബപരമായ കാരണങ്ങളാൽ അവർ പുറത്തു ജോലിക്കു പോകുന്നില്ല. നാട്ടിൽ ഐടി കമ്പനികൾ വന്നാൽ കുറഞ്ഞ ശമ്പളമാണെങ്കിലും ജോലിക്കു പോകാൻ കുടുംബിനികൾ തയാറാകുമെന്നും സർവേയിലൂടെ ബോധ്യപ്പെട്ടു. കെ റെയിൽ വന്നാൽ ഹൈദരാബാദിലെയും കർണാടകയിലെയും ഐടി ഭീമന്മാർ വ്യവസായ വ്യാപനത്തിനുവേണ്ടി അവിടങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും പാഴാകും.

കെ റെയിൽ പദ്ധതി പൊളിക്കുന്നതിന് അവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഗൂഢാലോചന നടത്തി. ദൗത്യത്തിന്റെ ഉത്തരവാദിത്തം സതീശനെ ഏൽപിച്ചു. ദൗത്യം വിജയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശനു നൽകിയിരുന്ന ഓഫർ.

മത്സ്യം കൊണ്ടുവരുന്ന ശീതീകരിച്ച കണ്ടെയ്നർ ലോറികളിൽ 2021 ഫെബ്രുവരിയിലും മാർച്ചിലുമായി 50 കോടി വീതം തൃശൂർ ചാവക്കാടിനടുത്തുള്ള ചേറ്റുവ കടപ്പുറത്തു കൊണ്ടുവന്നു. അവിടെ നിന്ന് ആംബുലൻസുകളിലാണു പണം സതീശന്റെ കൂട്ടാളികളുടെ കൈകളിലെത്തിച്ചത്. ഈ പണം കയ്യിലുള്ള ധൈര്യത്തിലാണ് കെപിസിസിയുടെ ഔദാര്യമില്ലാതെ തന്നെ താൻ തിരഞ്ഞെടുപ്പു നടത്തുമെന്നു സതീശൻ അന്നു പറഞ്ഞത്. പക്ഷേ, ഈ പണം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നേതാക്കൾക്കു നൽകുകയോ കേരളത്തിൽ ചെലവഴിക്കുകയോ ചെയ്തില്ല. തുക സതീശൻ കർണാടകയിൽ നിക്ഷേപിച്ചു. അതിനാലാണു സതീശൻ മാസത്തിൽ 3 തവണയെങ്കിലും ബെംഗളൂരുവിലേക്കു പോകുന്നത്.

അൻവറിന്റെ അധിക്ഷേപ വാക്കുകൾ നീക്കും: സ്പീക്കർ

∙ നിയമസഭയിൽ വി.ഡി.സതീശനെതിരെയുള്ള പി.വി.അൻവറിന്റെ പ്രസംഗത്തിലെ അധിക്ഷേപകരമായ വാക്കുകൾ സഭാരേഖകളിൽനിന്നു നീക്കം ചെയ്യുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സാമൂഹിക ദ്രോഹി, ധിക്കാരി, അഭിനേതാവ് തുടങ്ങിയ അധിക്ഷേപങ്ങൾ സതീശനെതിരെ അൻവർ ചൊരിഞ്ഞിരുന്നു. ഇതാണ് നീക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണത്തിന്റെ കാര്യത്തിൽ സ്പീക്കർ അഭിപ്രായം പറഞ്ഞില്ല.

മുഖ്യമന്ത്രി പിണറായി വിജയനോട് വി.ഡി.സതീശൻ

ഞാൻ എന്താണു പറയേണ്ടത്? ചിരിക്കണോ അതോ നിങ്ങളുടെ ഗതികേട് ഓർത്തു കരയണോ? ആരോപണം ഉന്നയിച്ച ആളെ കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. ഇതിൽ കൂടുതലൊന്നും അയാളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നേതാവല്ലേ? സിപിഎം പാർട്ടിയുടെ ലീഡർ അല്ലേ? ഇത്തരം ഒരു ആരോപണം നിയമസഭയിൽ അവതരിപ്പിക്കാൻ അനുവാദം കൊടുത്തതിൽ നിങ്ങളോട് എനിക്കു സഹതാപം തോന്നുന്നു. നിങ്ങൾ ഇങ്ങനെ പരിഹാസപാത്രമാകണോ? ഈ ആരോപണം നിയമസഭാ രേഖകളിൽ കിടക്കട്ടെ. മുൻകൂട്ടി നൽകിയ നോട്ടിസിൽ പറയാതെ സഭയിൽ ഇല്ലാത്ത കെ.സി. വേണുഗോപാലിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതു ശരിയല്ല. അദ്ദേഹത്തിനെതിരായ ആരോപണം സഭാരേഖകളിൽ നിന്നു നീക്കണം.

English Summary:

PV Anvar said that Satheesan bought one fifty crores to sabotage K Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com