ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ ഇനി ട്രാക്കിൽ കയറിയേക്കില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി തന്നെ സൂചന നൽകിയതോടെ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി നടപ്പാകാനുള്ള സാധ്യത തീർത്തും മങ്ങി. കേന്ദ്ര ബജറ്റിനുശേഷം സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന്, കേരളം പിന്നീട് ഇക്കാര്യത്തിൽ താൽപര്യമൊന്നും കാണിച്ചില്ലെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രതികരണം. പദ്ധതി ഉപേക്ഷിച്ചോയെന്നു കേരള സർക്കാരിനോടു ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്നു പോലും സിൽവർലൈനെ ഒഴിവാക്കിയ സംസ്ഥാന സർക്കാരും പദ്ധതി ഏതാണ്ട് കൈവിട്ടെന്ന സൂചനയാണു നൽകുന്നത്.

പദ്ധതിയുടെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നും കേരളത്തിൽ റെയിൽവേയുടെ ഭാവി വികസനവും വേഗം കൂട്ടലുമെല്ലാം തടസ്സപ്പെടുമെന്നും ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിനു 4 മാസം മുൻപു റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ സിൽവർലൈനു വേണ്ടി കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചായിരുന്നു റിപ്പോർട്ട്. 

ഇതിനുശേഷം കെ റെയിൽ അധികൃതർ പലവട്ടം ദക്ഷിണ റെയിൽവേ അധികൃതരുമായി ആശയവിനിമയം നടത്തുകയും അവർ ഉന്നയിച്ച തടസ്സവാദങ്ങൾക്കു മറുപടി നൽകുകയും ചെയ്തിരുന്നു. ആവശ്യമെങ്കിൽ അലൈൻമെന്റ് മാറ്റാം എന്നു വരെ വാഗ്ദാനം ചെയ്തു. എന്നാൽ, ഈ വാഗ്ദാനങ്ങൾ ദക്ഷിണ റെയിൽവേ സ്വീകരിക്കുകയോ അനുകൂല മറുപടി നൽകുകയോ ഉണ്ടായില്ല. റെയിൽവേ ഭൂമി വഴിയുള്ള പദ്ധതി നടത്തിപ്പിനെ പൂർണമായി എതിർത്തുകൊണ്ടു കഴിഞ്ഞ ഒക്ടോബറിൽ റെയിൽവേ ബോർഡിനു നൽകിയ റിപ്പോർട്ടിൽ ഭേദഗതിയൊന്നും വരുത്തിയതുമില്ല. ഈ സാഹചര്യത്തിൽ കെ റെയിലിനും സർക്കാരിനും പദ്ധതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയ സിൽവർലൈനെ ഇത്തവണ തഴഞ്ഞതും ഇക്കാരണത്താലാണ്.

2019 ഡിസംബറിൽ റെയിൽവേ ബോർഡിനു സമർപ്പിച്ച ഡിപിആർ തന്നെ കാലഹരണപ്പെട്ടു. കേന്ദ്രം അനുമതി നൽകുമായിരുന്നെങ്കിൽ ഇതിനകം ലഭിക്കുമായിരുന്നു എന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാരും എത്തിയിട്ടുണ്ട്. കെ റെയിൽ അതിന്റെ നിലനിൽപിനുവേണ്ടിയുള്ള എഴുത്തുകുത്തുകൾ നടത്തിക്കോട്ടെ എന്നല്ലാതെ, ഇനി സിൽവർലൈൻ എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുൻപിലേക്കു പോകേണ്ടതില്ലെന്നും ധാരണയായിട്ടുണ്ട്.

∙ ‘‘4 വർഷം മുൻപു ഡിപിആർ സമർപ്പിച്ചിട്ടും സിൽവർ ലൈൻ പദ്ധതിക്കു കേന്ദ്രം ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയ പദ്ധതിയാണിത്.’’ -  മന്ത്രി വി.അബ്ദുറഹിമാൻ (കേരളത്തിന്റെ റെയിൽവേ ചുമതലയുള്ള മന്ത്രി) 

English Summary:

Chance to state government's dream project Silverline is fading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com