ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനങ്ങളുടെ സാമ്പത്തിക, നിയമനിർമാണ അധികാരങ്ങൾക്കുമേൽ കേന്ദ്രം കടന്നുകയറുന്നുവെന്നും സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തിൽനിന്നു കേന്ദ്രം പിന്തിരിയണമെന്നും ആരോപിക്കുന്ന പ്രമേയം മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും അസാന്നിധ്യത്തിൽ നിയമസഭ പാസാക്കി. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണു കേന്ദ്രനടപടികളെത്തിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. സാമൂഹിക ക്ഷേമമടക്കം ചെലവുകളുടെ സിംഹഭാഗവും സംസ്ഥാനങ്ങൾ വഹിക്കുമ്പോൾ റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് കേന്ദ്രത്തിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാർഗമാണു ധനകാര്യ കമ്മിഷനുകൾ. പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോൾ തന്നെ വലിയ നഷ്ടമാണു കേരളത്തിനുണ്ടായത്. ഇതിനു പുറമേയാണു കമ്മിഷൻ അംഗീകരിച്ച ശുപാർശകളെ മറികടന്നു കേന്ദ്രം കേരളത്തിന്റെ വായ്പാ പരിധി മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്. ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നു - മന്ത്രി പറഞ്ഞു. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതിനു മുൻപു കേന്ദ്രത്തിനെതിരെയും കേന്ദ്രനയങ്ങളെ സംബന്ധിച്ചുമായി 8 പ്രമേയങ്ങൾ സംസ്ഥാന നിയമസഭ പാസാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് വിഷയം, സൗജന്യ കോവിഡ് വാക്സീൻ, കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബിൽ, എൽഐസി സ്വകാര്യവൽക്കരണ നീക്കം, ഇക്കോ സെൻസിറ്റീവ് സോൺ, റേഷൻ വിഹിതത്തിലെ കുറവ്, ഏക സിവിൽകോഡ് എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിനു പകരം ‘കേരളം’ എന്നാക്കി മാറ്റണമെന്ന പ്രമേയമായിരുന്നു ഒടുവിലത്തേത്. എട്ടിൽ നാലു പ്രമേയത്തിന്റെയും അവതാരകൻ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷം കേന്ദ്രവിരുദ്ധ പ്രമേയത്തിന്റെ ഭാഗമാകാതിരിക്കുന്നത് ആദ്യമായാണ്. 

എക്സാലോജിക് പ്രതീക്ഷിച്ചു, ഒരുങ്ങിത്തന്നെ എത്തി

തിരുവനന്തപുരം ∙ എക്സാലോജിക് വിഷയമാണു പ്രതിപക്ഷം ഇന്നലെ അടിയന്തര പ്രമേയമായി കൊണ്ടുവരാനിരിക്കുന്നതെന്നു നേരത്തേ തന്നെ മനസ്സിലാക്കിയ ഭരണപക്ഷം നേരിടാനുള്ള തയാറെടുപ്പോടെയാണ് നിയമസഭയിലെത്തിയത്. അടിയന്തര പ്രമേയ നോട്ടിസ് നൽകിയ കാര്യം ശൂന്യവേളയുടെ തുടക്കത്തിൽ സ്പീക്കർ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഭരണപക്ഷത്തെ പിൻനിരയിൽനിന്ന് എംഎൽഎമാർ എഴുന്നേറ്റു ബഹളം തുടങ്ങി. മാത്യു കുഴൽനാടനാണു നോട്ടിസ് നൽകിയിരുന്നത്. 

വിഷയം ചർച്ച ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും നോട്ടിസ് അവതരിപ്പിക്കാൻ കഴിഞ്ഞാൽ ആദ്യം അവതാരകനും വോക്കൗട്ട് നടത്തുമ്പോൾ കക്ഷി നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കുമായിരുന്നു. അതിനപ്പുറം പ്രതിപക്ഷവും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മറുപടി പറയേണ്ട മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നതോടെ നോട്ടിസ് അവതരിപ്പിക്കാനും അനുവാദം ലഭിക്കില്ലെന്നു പ്രതിപക്ഷത്തിനു ബോധ്യമായി. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചട്ടം 53 പ്രകാരം സഭയിൽ അനുവദിക്കാനാകില്ലെന്ന ന്യായീകരണത്തോടെ, തിടുക്കത്തിൽ സ്പീക്കർ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. 

‘കേരളം കൊള്ളയടിച്ച് പി.വി. ആൻഡ് കമ്പനി’ എന്നെഴുതിയ കറുത്ത ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുൻപിലെത്തി. ബാനർകൊണ്ടു സ്പീക്കറുടെ മുഖം മറച്ചു. എന്നാൽ പ്രതിപക്ഷത്തെക്കാൾ ഊർജത്തോടെ ഭരണപക്ഷ അംഗങ്ങളാകെ സഭയുടെ മുൻനിരയിലേക്കെത്തി. പ്രതിഷേധത്തിനിടെ സ്പീക്കർ സഭയുടെ തുടർ നടപടികളിലേക്കു കടന്നെങ്കിലും ഭരണപക്ഷ എംഎൽഎമാർ സീറ്റിലേക്കു മടങ്ങാൻ കൂട്ടാക്കിയില്ല. സ്പീക്കറുടെ ആവർത്തിച്ചുള്ള അഭ്യർഥന പാഴായി. പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചശേഷമാണു ഭരണപക്ഷ എംഎൽഎമാർ സീറ്റിൽ ഇരുന്നത്. സഭാ കവാടത്തിൽ കുത്തിയിരുന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ ചിത്രം സഭയിലെ ചില ജീവനക്കാർ പകർത്താൻ ശ്രമിച്ചതു തർക്കത്തിനിടയാക്കി. 

English Summary:

Kerala Assembly passed a resolution against the Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com