ADVERTISEMENT

ന്യൂഡൽഹി /പത്തനംതിട്ട ∙ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപ കേന്ദ്രബജറ്റിൽ നീക്കിവച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു മികച്ച പരിഗണന ലഭിച്ചു.

കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

2009–14 കാലത്തെ യുപിഎ സർക്കാർ അനുവദിച്ചതിന്റെ 7 മടങ്ങാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. അന്ന് 372 കോടി രൂപയാണ് അനുവദിച്ചത്. 

ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, മറ്റു വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കാണു കേരളത്തിനു സഹായമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിനുള്ളത്:

∙ ആലപ്പുഴ വഴിയുള്ള പാതയിരട്ടിപ്പിക്കലിന്: 707 കോടി. (എറണാകുളം–കുമ്പളം: 105 കോടി, കുമ്പളം–തുറവൂർ– 102 കോടി, തുറവൂർ–അമ്പലപ്പുഴ– 500 കോടി എന്നിങ്ങനെയാണ് നീക്കി വച്ചിരിക്കുന്നത്. ഇതിൽ തുറവൂർ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 500 കോടി രൂപയുണ്ടെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിയില്ല.)

∙ തിരുവനന്തപുരം–കന്യാകുമാരി പാതയിരട്ടിപ്പിക്കൽ: 365 കോടി (കഴിഞ്ഞ വർഷം ലഭിച്ച തുക റെയിൽവേ തിരുവനന്തപുരം കലക്ടറേറ്റിൽ കെട്ടിവച്ചെങ്കിലും ആ തുക സംസ്ഥാന സർക്കാർ വകമാറ്റിയതിനാൽ നേമം മുതൽ പാറശാല വരെ സ്ഥലം വിട്ടു നൽകിയവർക്കു നഷ്ടപരിഹാരം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്താൽ മാത്രമേ രണ്ടാം പാതയുടെ നിർമാണം ആരംഭിക്കാൻ കഴിയൂ.)

∙ റെയിൽവേ മരവിപ്പിച്ചിരിക്കുന്ന അങ്കമാലി–എരുമേലി ശബരി പാതയ്ക്ക് ഇത്തവണയും 100 കോടി രൂപ വകയിരുത്തി. (പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിൽ കേരളം നിലപാട് അറിയിച്ച ശേഷമേ പദ്ധതി കേന്ദ്രം പരിഗണിക്കൂ. കഴിഞ്ഞ വർഷം ലഭിച്ച 100 കോടി രൂപ തിരികെ നൽകിയിരുന്നു.)

∙ ദക്ഷിണ റെയിൽവേയിലെ ഓട്ടമാറ്റിക് സിഗ്നലിങ് പദ്ധതികൾക്കായി 42 കോടി രൂപ നീക്കി വച്ചിരിക്കുന്നതിന്റെ പ്രയോജനം എറണാകുളം–വള്ളത്തോൾ നഗർ സെക്‌ഷനിലെ സമാനമായ പദ്ധതിക്ക് ലഭിക്കും. 

  മേൽപാല പദ്ധതികൾക്കു കാര്യമായി തുക നീക്കി വച്ചിട്ടുള്ളതിനാൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയായ മേൽപാല പദ്ധതികളുടെ നിർമാണം വേഗത്തിലാകും.

∙ നേമം ടെർമിനൽ, പാലക്കാട് പിറ്റ്‌ലൈൻ പദ്ധതികൾക്കു വെവ്വേറെ പണം വകയിരുത്തിയിട്ടില്ലെങ്കിലും ദക്ഷിണ റെയിൽവേയിലെ ഇത്തരം പദ്ധതികൾക്കായി 66 കോടി രൂപ മാറ്റി വച്ചിരിക്കുന്നത് ഈ പദ്ധതികൾക്കു ഗുണം ചെയ്യും.

∙ നിലവിൽ 35 സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുണ്ട്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കും. 

മൂന്നാം പാത ഇഴയും

എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു ഇത്തവണയും കാര്യമായ പരിഗണനയില്ല. 5 കോടി രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് പൂർത്തിയായ ശേഷമായിരിക്കും കൂടുതൽ വിഹിതം ലഭ്യമാക്കുക. ട്രാക്ക് നവീകരിച്ചാൽ ട്രെയിനുകൾ േവഗത്തിലോടിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഈ ദിശയിൽ കാര്യമായ നടപടികളില്ല. വിവിധ പദ്ധതികൾ സർവേ ഘട്ടത്തിലാണെന്നതും ഇതിന് കാരണമാണ്.

English Summary:

Union Budget 2024 provision for 2744 crores for Railway development in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com