ADVERTISEMENT

കൊച്ചി / തൃശൂർ ∙ സാംസ്കാരിക കേരളം സാഹിത്യകാരന്മാരോടു വിവേചനം കാട്ടുന്നതായി ആരോപിച്ചുള്ള കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോസ്റ്റ് വലിയ ചർച്ചയായി. കേരള സാഹിത്യ അക്കാദമിയുടെ തൃശൂരിലെ പരിപാടിയിൽ പ്രഭാഷണത്തിനെത്തിയ തനിക്കു ലഭിച്ച പ്രതിഫലം വണ്ടിക്കൂലിക്കുപോലും തികഞ്ഞില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. പരാതി ശരിയാണെന്നും പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

ടാക്സിക്കൂലി 3500, കിട്ടിയത് 2400

തൃശൂരിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ജനുവരി 30നു കുമാരനാശാന്റെ കാവ്യം ‘കരുണ’യെക്കുറിച്ചു രണ്ടു മണിക്കൂർ സംസാരിച്ച തനിക്കു വെറും 2400 രൂപയാണു പ്രതിഫലമായി നൽകിയതെന്നാണു ‘എന്റെ വില’എന്നു തലക്കെട്ടു നൽകിയ കുറിപ്പിൽ ചുള്ളിക്കാട് പറഞ്ഞത്. കൊച്ചിയിൽനിന്നു തൃശൂരിലെത്താൻ കാർ വാടക 3500 രൂപ കൊടുത്തു. അധികം വേണ്ടിവന്ന 1100 രൂപ സീരിയലിൽ അഭിനയിച്ചു നേടിയ പണത്തിൽനിന്നാണു നൽകിയത്.

‘നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽനിന്നു കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല’–ചുള്ളിക്കാട് എഴുതി.

മിമിക്രിക്കും പാട്ടിനുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളും നൽകുന്ന മലയാളി സമൂഹം തനിക്കു കൽപിച്ച വില 2400 രൂപയാണെന്ന് അറിയിച്ചതിനു നന്ദി പറഞ്ഞ അദ്ദേഹം ‘നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും ആയുസ്സിൽ അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുതെന്നും വേറെ പണിയുണ്ടെന്നും’വ്യക്തമാക്കിയാണു കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഓഫിസിലെ പ്രശ്നമെന്ന് അക്കാദമി പ്രസിഡന്റ്

സാഹിത്യ അക്കാദമിയുടെ ഓഫിസിൽ സംഭവിച്ച പ്രശ്നമാണിതെന്നും തക്കതായ പ്രതിഫലം നൽകുമെന്നും അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദ‍ൻ വിശദീകരിച്ചു. ‘എനിക്കും സെക്രട്ടറിക്കും ഇക്കാര്യത്തിൽ ഖേദമുണ്ട്. ഇത്ര തുകയേ നൽകിയുള്ളൂ എന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ല.  

ദേ വന്നു, ദാ പോയി

മാധ്യമപ്രവർത്തകരോടു ചുള്ളിക്കാടിനെ അനുകൂലിച്ചു പ്രതികരിച്ച സച്ചിദാനന്ദൻ പിന്നീട് അദ്ദേഹത്തിന് എതിരെന്നു തോന്നിപ്പിക്കുന്ന പോസ്റ്റ് ഇട്ടെങ്കിലും കുറച്ചു സമയത്തിനകം പിൻവലിച്ചു. പരാതി ഉണ്ടെങ്കിൽ അക്കാദമി സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുകയാണ് ശരിയായ വഴി എന്നും പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണു പ്രശ്നത്തിനു പുറകിലെന്നും പറയുന്ന കുറിപ്പാണ് അപ്രത്യക്ഷമായത്. പല യോഗങ്ങളിലും താനും പണം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്നും സച്ചിദാനന്ദൻ ആ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

‘ചുള്ളിക്കാട് പറയുന്നതിൽ കാര്യമുണ്ട്’

‘ഞാൻ ചുള്ളിക്കാടുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. മറ്റു കലാകാരന്മാർക്കു ലഭിക്കുന്നതുപോലെ സാഹിത്യകാരന്മാർക്കു പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം അദ്ദേഹം പങ്കുവച്ചു. സാമ്പത്തിക പ്രതിസന്ധിയില്ല,സർക്കാർ കൊടുക്കേണ്ടത് കൃത്യമായി കൊടുക്കുന്നുണ്ട്.’ - മന്ത്രി സജി ചെറിയാൻ

English Summary:

Balachandran Chullikad said that the remuneration given by Sahitya Akademi was not even for traveling charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com