നാടുവിറപ്പിക്കുന്ന കൊമ്പൻമാർ അറിയാൻ: അരിക്കൊമ്പൻ ഹാപ്പിയാണ്...

Mail This Article
തൊടുപുഴ ∙ മാനന്തവാടിയിൽ ‘തണ്ണീർക്കൊമ്പൻ’ ആശങ്കവിതയ്ക്കുമ്പോൾ 650 കിലോമീറ്റർ അകലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അരിക്കൊമ്പൻ ‘ഹാപ്പിയാണ്.’ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും റേഡിയോ കോളർ വഴി കൃത്യമായി ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
പത്തുമാസം മുൻപ് ഒരു പകലും രാത്രിയും മുഴുവൻ കേരളം ആകാംക്ഷയോടെ കണ്ടിരുന്നതാണ് അരിക്കൊമ്പൻ ഓപ്പറേഷൻ. കൊമ്പനെ ചിന്നക്കനാലിൽ നിന്നു മാറ്റണമെന്നു ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഏപ്രിൽ 29നു പകൽ 11.57ന് ആണു ചിന്നക്കനാൽ സിമന്റ്പാലം ഭാഗത്ത് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. 5 തവണ മയക്കുവടി വച്ചതിനുശേഷമാണു കൊമ്പൻ വരുതിയിലായത്. വൈകിട്ട് 4.52നു കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റി. 30ന് അർധരാത്രിയോടെ പെരിയാർ മേദകക്കാനത്തു തുറന്നുവിട്ടു.
എന്നാൽ പിന്നീട്, തമിഴ്നാട്ടിലെ മേഘമല വനമേഖലയിലെത്തിയ കൊമ്പൻ കമ്പം ജനവാസമേഖലയിലിറങ്ങി ഭീതി സൃഷ്ടിച്ചു. മേയ് 27നു കമ്പം ടൗണിൽ ബൈക്ക് യാത്രികനായ പാൽരാജിനെ ആക്രമിച്ചു. പരുക്കേറ്റ പാൽരാജ് ചികിത്സയിലിരിക്കെ മരിച്ചു. പിന്നീടു തമിഴ്നാട് വനംവകുപ്പ് ജൂൺ 5നു പുലർച്ചെ 5ന് അരിക്കൊമ്പനെ 2 തവണ മയക്കുവെടിവച്ചു. പിന്നീടു ലോറിയിൽ കയറ്റി കോതയാറിലെത്തിച്ചു. ക്ഷീണിതനായ അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയമെടുത്തു. എന്നാൽ ഇപ്പോൾ കാട്ടാനക്കൂട്ടത്തിനൊപ്പമാണു സഞ്ചാരം.