നഗരത്തിൽ പലയിടത്ത് ഒളിപ്പിക്കുന്ന പണം ജനത്തിന് കണ്ടെത്തി സ്വന്തമാക്കാം; ‘കാഷ് ഹണ്ട്’ കേരളത്തിലും

Mail This Article
തിരുവനന്തപുരം∙ നഗരങ്ങളിൽ പലയിടത്തായി ഒളിപ്പിച്ചു വയ്ക്കുന്ന പണം പൊതുജനങ്ങൾക്കു കണ്ടെത്തി സ്വന്തമാക്കാവുന്ന ചാലഞ്ചുമായി ‘കാഷ് ഹണ്ട്’ ഇൻസ്റ്റഗ്രാം പേജുകൾ സംസ്ഥാനത്ത് സജീവം. സംസ്ഥാനത്ത് ആദ്യമായി കൊച്ചിയിൽ ആരംഭിച്ച കാഷ് ഹണ്ട് ചാലഞ്ച് പിന്നീട് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും തുടർന്ന് മിക്ക ജില്ലകളിലുമായി വ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പേജുകളും സജീവമാണ്. 100 മുതൽ 2000 രൂപയുടെ വരെ നോട്ടുകൾ നഗരത്തിന്റെ ഏതെങ്കിലും പ്രദേശത്ത് മരത്തിനു കീഴിലോ കല്ലിനടിയിലോ മറ്റും വയ്ക്കുകയും അതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയുമാണ് ചാലഞ്ചിന്റെ ആദ്യ പടി.
പണം ഒളിപ്പിക്കുന്ന സ്ഥലത്തിന്റെ സൂചന വിഡിയോയിലൂടെ നൽകും. ഇത് അന്വേഷിച്ച് കണ്ടെത്തുന്നവർ പോസ്റ്റിനു താഴെ ‘കാഷ്ഡ്’ എന്നു കമന്റ് ചെയ്യണം. പണം കൈപ്പറ്റി എന്ന് അഡ്മിന് ബോധ്യമായാൽ അടുത്ത ചാലഞ്ച് ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ ഇവ നേരത്തേ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ആദ്യമാണ്.
കാഷ് ഹണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ സൈബർ സെല്ലിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ നിയമസാധ്യതകൾ വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് അധികൃതർ പറയുന്നു.