ADVERTISEMENT

തിരുവനന്തപുരം∙ സമീപകാലത്ത് ഏറ്റവും വലിയ വിഭവസമാഹരണത്തിനു സർക്കാർ തയാറായ വർഷമാണിത്. പറ്റുന്ന മേഖലകളിലൊക്കെ നിരക്കുവർധന നടപ്പാക്കിയെങ്കിലും സംസ്ഥാനത്തിന് ഇത്തവണ 39,706 കോടി രൂപ കടമെടുക്കേണ്ടി വന്നു. അഥവാ, വരവിനെക്കാൾ 39.7 കോടി രൂപ അധികം ചെലവായെന്നർഥം.

കെട്ടിട നിർമാണ ഫീസും മറ്റും വർധിപ്പിച്ചതു വഴി തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ കാര്യമായ വർധന ഉണ്ടായി എന്നതൊഴിച്ചാൽ കാര്യമായ നേട്ടം കൊയ്യാനായില്ലെന്നു കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) കണക്കുകൾ വ്യക്തമാക്കുന്നു ക്ഷേമ പെൻഷൻ വിതരണത്തിനായി ഇന്ധനത്തിനു 2 രൂപ സെസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പിരിഞ്ഞുകിട്ടിയത് 750 കോടി രൂപ മാത്രമാണ്. ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകാൻ 900 കോടിയാണു ചെലവ്.

ഭൂമിയുടെ ന്യായവില 20 ശതമാനമാക്കി;തിരിച്ചടിച്ചു

ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കുന്ന പതിവു വർഷങ്ങളായുണ്ട്. കഴിഞ്ഞ ബജറ്റിൽ ഒറ്റയടിക്ക് ഇത് 20 ശതമാനമാക്കി. ഫലമോ, റിയൽ എസ്റ്റേറ്റ് മേഖല വലിയ തിരിച്ചടി നേരിട്ടു. സിഎജിയുടെ കണക്കു പ്രകാരം ഭൂമി റജിസ്ട്രേഷനിലൂടെ ഇ വർഷം സർക്കാർ ലക്ഷ്യമിടുന്നത് 6,111 കോടി രൂപയാണ്. എന്നാൽ, ഡിസംബർ വരെ 4,050 കോടി രൂപ മാത്രമേ പിരിക്കാനായിട്ടുള്ളൂ. ഇതാകട്ടെ  2022 ഡിസംബർ വരെ കിട്ടിയതിനെക്കാൾ കുറവുമാണ്. 

info-table-web

നികുതി വർധിപ്പിച്ചാൽ വരുമാനം കൂട്ടാമെന്ന പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണു കണക്കുകളിൽ കാണുന്നത്. സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന ഉപയോഗം കുറഞ്ഞു. സെസിലൂടെ പണം ലഭിച്ചെങ്കിലും നികുതി കുറഞ്ഞതോടെ സർക്കാരിന്റെ വരുമാനം കുറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലും ഇതാണു കണ്ടത്. ജിഎസ്ടി, വിൽപന നികുതി, നികുതി ഇതര വരുമാനങ്ങൾ എന്നിവയിലൊന്നും പ്രതീക്ഷിച്ച വളർച്ചയില്ല. അതു പോലെ കേന്ദ്രത്തിൽ നിന്നുള്ള വരുമാനവും ഗണ്യമായി കുറഞ്ഞു.

കൂട്ടിയതു കുറയ്ക്കില്ല;‌ സാധാരണക്കാർക്ക് ബാധ്യത വരില്ല

വരുമാനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെങ്കിലും സാധാരണക്കാർക്കു വലിയ ബാധ്യത വരാതെ നോക്കും. മദ്യത്തിന് ഇനിയും വില കൂട്ടാൻ പറ്റില്ല. കഴിഞ്ഞ ബജറ്റിൽ കൂട്ടിയവ പിൻവലിക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ല. കേരളം 2 രൂപ സെസ് പിരിക്കുമ്പോൾ കേന്ദ്രം 22 രൂപ വരെയാണു പിരിക്കുന്നത്. വരുമാനം കിട്ടുന്നതിന് അനുസരിച്ചാണ് ബജറ്റിൽ മാന്ത്രികവടി പ്രയോഗിക്കാൻ കഴിയുക.  സർക്കാരിന്റെ വരുമാനം 100 രൂപയാണെങ്കിൽ 23 രൂപ മാത്രമാണു കേന്ദ്രത്തിൽ നിന്നു കിട്ടുന്നത്. ശരാശരി 50 രൂപ കിട്ടേണ്ടതാണ്. - മന്ത്രി കെ.എൻ.ബാലഗോപാൽ

English Summary:

Thirty nine crores of additional expenditure; No expected increase in revenues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com