ADVERTISEMENT

തിരുവനന്തപുരം ∙ വന്യമൃഗങ്ങൾ കാടിറങ്ങി ഭീതി വിതയ്ക്കുമ്പോൾ വനം വകുപ്പിന്റെ മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കുന്ന പദ്ധതികൾ പാളുന്നു.

 2022–23ൽ മനുഷ്യ വന്യമൃഗ സംഘർഷ മാനേജ്മെന്റിന്റെ ഭാഗമായി 29.8 കോടി രൂപയാണ് സംസ്ഥാനത്ത് ചെലവാക്കിയത്. എന്നാൽ, വനം വകുപ്പിന്റെ പ്രതിരോധ നടപടികൾക്കിടയിലും കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നു എന്നാണ് കണക്കുകൾ. 

158.4 കിലോമീറ്ററിൽ കാട്ടാന പ്രതിരോധ ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണിയും 42.6 കിലോമീറ്ററിൽ സൗരോർജ വേലിയും 237 മീറ്റർ കോംപൗണ്ട് ഭിത്തിയും നിർമിച്ചെങ്കിലും വന്യജീവികളെ നിയന്ത്രിക്കാ‍ൻ കഴിഞ്ഞിട്ടില്ല. 

മനുഷ്യ–വന്യമൃഗ സംഘർഷം കുറയ്ക്കാനുള്ള നടപടിയിൽ ഉൾപ്പെടുത്തി 17.2 കോടിയും, പ്രോജക്ട് ആന പദ്ധതിക്കു കീഴിൽ 2.4 കോടിയും, സംരക്ഷിതമല്ലാത്ത വന്യജീവികളുടെ സംരക്ഷണ പദ്ധതിക്കായി 10.2 കോടി രൂപയും ഉൾപ്പെടെ ആകെ 29.8 കോടി രൂപയാണ് 2022–23 ൽ കേരളത്തിൽ ചെലവിട്ടത്. എന്നാൽ, ഇക്കാലയളവിൽ സംസ്ഥാനത്ത് 8,873 വന്യജീവി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 27 പേരുടെ ജീവൻ നഷ്ടമായി. 

 98 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 48 എണ്ണവും പാമ്പു കടിയേറ്റായിരുന്നു.  കാട്ടുപന്നി ആക്രമണത്തിൽ ഏഴും കടുവയുടെ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു.  തേനീച്ചക്കുത്തേറ്റത് ഉൾപ്പെടെയുള്ള മരണങ്ങൾ 14 ആണ്. വിവിധ വന്യമൃഗ ആക്രമണങ്ങളിൽ 1275 പേർക്ക് പരുക്കേറ്റു.

  ഇക്കാലത്ത് 637 കന്നുകാലികളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഇതിൽ 244 എണ്ണം പുള്ളിപ്പുലിയുടെ ആക്രമണത്തിലും 191 എണ്ണം കടുവയുടെ ആക്രമണത്തിലുമായിരുന്നു.

  6863 പേർക്ക് കൃഷിനാശം/വസ്തുനാശവും റിപ്പോർട്ട് ചെയ്തു. 2022–23 കാലയളവിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ 10.48 കോടി രൂപയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നൽകിയത്. 
മുന്നറിയിപ്പു സംവിധാനം വ്യാപിപ്പിക്കും
വന്യമൃഗശല്യം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പുനലൂർ, കോന്നി, മറയൂർ, പാലക്കാട്, തിരുവനന്തപുരം, മൂന്നാർ, വയനാട് വനം ഡിവിഷനുകളിൽ മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പു സംവിധാനം പ്രായോഗികമല്ലെന്നും പരിഷ്കരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട് .  അതേസമയം, എസ്എംഎസ് സംവിധാനത്തിലൂടെ മുന്നറിയിപ്പു നൽകുന്ന സംവിധാനം ഫലപ്രദമാണെന്നാണ് വനം വകുപ്പിന്റെ വാദം.  42 യൂണിറ്റുകളിൽ കൂടി മുൻകൂർ മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. 

കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യക്ഷാമം എന്നിവയെ തുടർന്നാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതെന്നും ഇവയെ കാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

English Summary:

Human-Wildlife conflict; Plans without results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com