ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്നു പണം സ്വരൂപിക്കാനായുള്ള 3 ഫണ്ട് പദ്ധതികൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കായിക മേഖലകളിലാണിത്. ചരിത്രത്തിലാദ്യമായാണ് അടിസ്ഥാന സേവന മേഖലകളിലെ പദ്ധതികൾക്കായി സർക്കാർ ജനങ്ങളിൽനിന്നു ഫണ്ട് പിരിവിനിറങ്ങുന്നത്.

എജ്യുക്കേഷൻ പ്രമോഷൻ ഫണ്ട്

സ്കൂളുകൾക്കു സഹായം നൽകാൻ സന്നദ്ധരായ പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിൽനിന്നു ധനശേഖരണത്തിനായി പ്രത്യേക ഫണ്ട്. ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. കൃത്യമായ പദ്ധതിയും ഫണ്ട് വിനിയോഗത്തിനു വിശദമായ രൂപരേഖയുമുണ്ടാക്കുമെന്നും പ്രഖ്യാപനം. സീഡ് ഫണ്ടായി 5 കോടി രൂപ വകയിരുത്തി. ഒരു വിദ്യാർഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കാനായി സർക്കാർ 25 ലക്ഷം രൂപയോളം ചെലവഴിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ അതിനും പൊതുജന സഹായം തേടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാന പദ്ധതി പ്രഖ്യാപിച്ചു.

ആരോഗ്യ സുരക്ഷാ ഫണ്ട്

സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന വരുമാനമുള്ളവരിൽനിന്നു സംഭാവന സ്വരൂപിക്കാൻ പുതിയ ഫണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാകുന്നതെന്നും സന്തോഷത്തോടു കൂടി ഒരു തുക നൽകാൻ പലരും സന്നദ്ധരാണെന്നും ബജറ്റിൽ പറയുന്നു. ഒരു ക്രോസ് സബ്സിഡി എന്ന നിലയിൽ ഇതിനെ കാണാം. ആശുപത്രികളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ തുകകൾ സ്വരൂപിക്കാനായി റെമിറ്റൻസ് അക്കൗണ്ട് സംവിധാനം ഒരുക്കും.

സ്പോർട്സ് ഡവലപ്മെന്റ് ഫണ്ട്

കായിക മേഖലയിൽ വ്യാപകമായ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പമാണ് കായിക വികസനത്തിനായി സ്വകാര്യ ഫണ്ട് ശേഖരണത്തിനും സർക്കാർ തുനിയുന്നത്. സ്പോർട്സ് ഡവലപ്മെന്റ് ഫണ്ടിനായുള്ള സർക്കാർ വകയിരുത്തൽ 8.54 കോടി രൂപ.

സ്വകാര്യ മേഖലയ്ക്കു സ്വാഗതം

∙ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ടും സ്പെഷൽ ഡവലപ്മെന്റ് സോണുകൾ സൃഷ്ടിക്കും.

∙ അടുത്ത വർഷം 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും.

∙ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.

∙ സമാധാനപൂർണവും പ്രകൃതി സുന്ദരവുമായ ഇടങ്ങളിൽ ‘കെയർ സെന്ററുകൾ’ സ്ഥാപിച്ച് ആരോഗ്യ പരിചരണവും സംരക്ഷണവും നൽകുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്കരിക്കും. കേരളത്തിനു പുറത്തുനിന്നുള്ള ആളുകൾക്കും വിദേശികൾക്കും ഇത്തരം കേന്ദ്രങ്ങളിൽ പരിചരണം നൽകും.

∙ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും

∙ പൊതുമേഖല, സഹകരണ മേഖല, സ്വകാര്യമേഖല എന്നിവ ചേർന്നു തളിപ്പറമ്പ് നാടുകാണിയിൽ വിപുലമായ സഫാരി പാർക്ക് സജ്ജമാക്കും.

∙ 3 ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടുകൾ കൂടി ഉപയോഗിച്ച് കെ–ലിഫ്റ്റ് പദ്ധതി.

∙ സബ്സിഡികൾ, ഇൻസെന്റീവുകൾ എന്നിവ നൽകി വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും.

∙ ‘കേന്ദ്ര സർക്കാരിൽനിന്നു ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, മറിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ സാധ്യതകളാകെ ഉപയോഗിച്ച് പൊതു-സ്വകാര്യ മൂലധന നിക്ഷേപം ശക്തിപ്പെടുത്തി, പദ്ധതികൾ അതിവേഗം നടപ്പിലാക്കാനാണ് സർക്കാർ പരിശ്രമിക്കുക.’ – മന്ത്രി കെ.എൻ.ബാലഗോപാൽ

English Summary:

3 funds for private equity; Funds to be collected from people for basic service sectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com