ADVERTISEMENT

കടുത്തുരുത്തി/ കൊച്ചി ∙ ‘ഒട്ടും പ്രതീക്ഷിക്കാത്ത വിധിയായിപ്പോയി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ട്. അത് എന്താണെന്നറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ?’ – ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെപ്പറ്റി വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും പ്രതികരണം ഇങ്ങനെ.

കേസിൽ വിധി പറയുമ്പോൾ വന്ദനയുടെ മാതാപിതാക്കൾ മധുരയിൽ ക്ഷേത്രദർശനത്തിലായിരുന്നു. മകളുടെ പേരിൽ നേർന്നിരുന്ന വഴിപാടിനായാണു മധുരയിൽ പോയത്. മേൽക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മോഹൻദാസ് പറഞ്ഞു.

മകളുടെ കൊലപാതകത്തിലെ വസ്തുതകൾ പുറത്തുവരുന്നതിനെ എന്തിനാണു സർക്കാർ എതിർക്കുന്നതെന്നു മനസ്സിലാകുന്നില്ല. മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ് – മാതാപിതാക്കൾ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. സംഭവസ്ഥലത്തുനിന്നു പൊലീസുകാർ പിൻവലിഞ്ഞതിന്റെ പിന്നിൽ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് കേസില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി.മോഹൻദാസും ടി.വസന്തകുമാരിയും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മേയ് 10ന് രാത്രി മെഡിക്കൽ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. എന്നാൽ സന്ദീപിനെ ആശുപത്രിയിൽ കൊണ്ടുവന്ന അസി. സബ് ഇൻസ്പെക്ടർ, ഹോം ഗാർഡ്, പൊലീസ് ഡ്രൈവർ എന്നിവർ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുമ്പോൾ അവർക്ക് ക്രമിനൽ ലക്ഷ്യങ്ങളില്ലായിരുന്നെന്നു കോടതി പറഞ്ഞു.

കണക്കുകൂട്ടലിലെ പിഴവോ പ്രതിയുടെ പ്രവൃത്തികളുടെ ഗൗരവം മനസ്സിലാക്കുന്നതിലുണ്ടായ തെറ്റോയുള്ളതുകൊണ്ട് അവർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നെന്നു കരുതാനാവില്ല. പൊലീസുകാർക്കെതിരെയുള്ള അച്ചടക്ക നടപടികളും പൂർത്തിയാകാനുണ്ട്. നിലവിലെ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. പൊലീസിനെതിരെ സംശയമുണ്ടാവുമ്പോൾ സിബിഐയ്ക്ക് അന്വേഷണം കൈമാറാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കൊട്ടാരക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായി അന്തിമ റിപ്പോർട്ട് നൽകിയിരുന്നു.

English Summary:

Dr Vandana Das murder case: No CBI probe; The accused's bail application also rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com