ADVERTISEMENT

കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ വരുമാനം വർധിപ്പിക്കണമെന്ന തോന്നൽ നന്നായി. എന്നാൽ, അത് എത്രമാത്രം ഫലം കാണുമെന്നു കാത്തിരുന്നു കാണണം. നികുതി വരുമാനത്തിന്റെ കണക്കുകൾ നിരത്തി സർക്കാരിന്റെ കാര്യക്ഷമത കൂടി എന്നു വരുത്തിത്തീർക്കാനാണു ധനമന്ത്രി ശ്രമിക്കുന്നത്. അതിന് ആനുപാതികമായി സംസ്ഥാന വരുമാനത്തിൽ വർധന ഉണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്നില്ല. 2023 –24 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ ഓരോ 100 രൂപയിലും 8 രൂപ മാത്രമാണു നികുതി വരുമാനമായി കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രതീക്ഷിച്ചിരുന്നത് 8.67 രൂപയായിരുന്നു. ഈ തുക 2024–25ൽ 7.87 ആയി കുറയുമെന്നാണ് ബജറ്റിലെ കണക്ക്.

1970 കളിൽ 100 രൂപ വരുമാനം ലഭിക്കുമ്പോൾ അതിൽ 11.5 രൂപ നികുതി വരുമാനത്തിൽ നിന്നായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ 10 മുതൽ 11 രൂപ  വരെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 8 രൂപയിൽ താഴെ എത്തി നിൽക്കുന്നു. എന്നാൽ, ഈ കുറവ് ചെലവിൽ കാണാനേയില്ല. കടമെടുക്കുക, വീണ്ടും എടുക്കുക, ആദ്യം എടുത്ത കടം വീട്ടാൻ വീണ്ടും അതിൽ കൂടുതൽ കടമെടുക്കുക എന്നതാണ് സർക്കാരിന്റെ ആപ്തവാക്യം. ഇത് വലിയ ഒരു കെണിയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്ന് (20%) പലിശ കൊടുക്കാൻ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. ഇതിനു പുറമേ 10 ശതമാനമായിരുന്ന പെൻഷൻ ബാധ്യത ഇപ്പോൾ 20 ശതമാനത്തിനു മുകളിലാണ്. മൊത്തം വരുമാനത്തിൽ 40% ഈ രണ്ട് കാര്യങ്ങൾക്കാണ് കേരളം ചെലവഴിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 20% മാത്രം. കേരളത്തിൽ 2022–23 ൽ ഇത് 38.6 ശതമാനമായിരുന്നെങ്കിൽ 2023–24ൽ 41.80 ശതമാനത്തിലേക്കു കുതിച്ചു. വരുന്ന സാമ്പത്തിക വർഷവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 രൂപ വരുമാനത്തിൽ 58 രൂപ മാത്രമാണ് സർക്കാരിന്റെ മറ്റു വികസന പദ്ധതികൾക്കും ചെലവുകൾക്കായി ധനമന്ത്രിയുടെ പക്കലുള്ളത്. 

കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ലഭിച്ച അവസരങ്ങൾ മന്ത്രി പാഴാക്കിയിട്ടില്ലെങ്കിലും കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണ നയങ്ങളെ അപ്പാടെ സ്വീകരിച്ചു. സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന പ്രവാസിപ്പണത്തെക്കുറിച്ച് മന്ത്രി സൗകര്യപൂർവം മിണ്ടിയില്ല. കേരളത്തിന്റെ മൊത്ത വരുമാനത്തെക്കാൾ അധികം പ്രവാസി നിക്ഷേപം ഇക്കാലയളവിൽ ഉയർന്നിട്ടുണ്ടാകാം. 

വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കാനുള്ള തീരുമാനം വിപ്ലവകരമാണ്. എന്നാൽ, ഈ വിഷയത്തിൽ എത്രത്തോളം ചർച്ചകൾ നടന്നെന്നു വ്യക്തമല്ല. സാമ്പത്തിക അസമത്വം നിലനിൽക്കുന്ന സമൂഹത്തിൽ ഇതു സംബന്ധിച്ചു പഠിക്കാൻ കമ്മിറ്റികളെ നിയോഗിച്ചു കണ്ടില്ല. ബജറ്റിൽ സേവന മേഖലയ്ക്കു പ്രാധാന്യം നൽകുകയും ഉൽപാദന മേഖലയെ തഴയുകയും ചെയ്യുന്ന സമീപനം ആശങ്കപ്പെടുത്തുന്നതാണ്. ജീവനക്കാർക്കായി പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതി സംബന്ധിച്ചു വിശദമായ ചർച്ചകളുണ്ടാകണം. സർക്കാർ ഫണ്ടിങ് വേണ്ട പുതിയ മേഖലയാണോ ഇതെന്നു വ്യക്തമല്ല. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാൻ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. സൂര്യോദയം പോലെയുള്ള പ്രയോഗങ്ങൾ നിറച്ച് ബജറ്റ് ആകർഷകമാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്തു തരം സൂര്യനാണ് ഉദിക്കുന്നതെന്നു കാത്തിരുന്നു കാണാം.

പ്രഫ.കെ.പി.കണ്ണൻ (മുൻ ഡയറക്ടർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്) 

English Summary:

Finance minister is trying to increase the efficiency of government by tabulating the figures of tax revenue in Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com