ADVERTISEMENT

കാർഷിക മേഖല

സഹായം പേരിന് മാത്രം 

പി.ജെ.ജോസഫ് 

റബർ വിലസ്ഥിരത പദ്ധതി വർധന നാമമാത്രം.  നാളികേര സംഭരണത്തിന് 65 കോടി പര്യാപ്തമല്ല.  കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനയ്ക്കു പദ്ധതിയില്ല. ക്ഷീരമേഖലയ്ക്ക് സഹായം പേരിന് മാത്രം. വന്യമൃഗ ആക്രമണം തടയാൻ  48 കോടി പോരാ. 

നെൽക്കൃഷി വിപുലമാക്കും 

ചിറ്റയം ഗോപകുമാർ, ഡപ്യൂട്ടി സ്പീക്കർ 

നെൽക്കൃഷി വികസനത്തിനും ഫലവർ‍ഗ കൃഷി വിപുലമാക്കുന്നതിനും മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മുൻഗണന നൽകി. കാർഷികോൽപന്ന വിപണനത്തിനും കൃഷിയിട യന്ത്രവൽക്കരണത്തിനും നാളികേര കൃഷി വികസനത്തിനും പണം അനുവദിച്ചു.

ഐടി മേഖല

50,000 തൊഴിൽ സൃഷ്ടിക്കും

വി.കെ.പ്രശാന്ത്

പല പദ്ധതികളിലായി ഏകദേശം 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ പേർ സംസ്ഥാനത്ത് ഐടി ജോലിക്കായി എത്തും. കൂടുതൽ കമ്പനികൾ പദ്ധതികൾ തുടങ്ങും.  തിരുവനന്തപുരം ടെക്നോപാർക്കിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടും. 

വി.കെ.പ്രശാന്ത്, മാത്യു കുഴൽനാടൻ
വി.കെ.പ്രശാന്ത്, മാത്യു കുഴൽനാടൻ

പ്രോൽസാഹനമില്ല

മാത്യു കുഴൽനാടൻ 

പ്രോത്സാഹനം ഇത്തവണയും ഇല്ല. ഐടി പാർക്കുകളിൽ നിന്ന് 20000 കോടി രൂപ കയറ്റുമതി വരുമാനമായി ലഭിക്കുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ പോലും പദ്ധതിയില്ല.  നിർമിത ബുദ്ധി, ബ്ലോക്ചെയിൻ, ഐഒടി, സൈബർ സുരക്ഷ എന്നിവയ്ക്കു കൂടുതൽ ഊന്നൽ നൽകേണ്ടിയിരുന്നു. 

വനിതാ– ശിശുക്ഷേമം

രാഷ്ട്രീയ പദ്ധതി മാത്രം

കെ.കെ.രമ

കുടുംബശ്രീക്ക് അപ്പുറം സ്ത്രീകൾ ഉണ്ടെന്ന ചിന്ത ബജറ്റിൽ ഇല്ല. സാധാരണക്കാരായ സ്ത്രീകളെ കുടുംബശ്രീ വഴി രാഷ്ട്രീയമായി സ്വന്തം പക്ഷത്തു നിർത്താനാണു ശ്രമം. വനിതാ–ശിശുക്ഷേമം ലക്ഷ്യമിട്ടുള്ള നിർദേശങ്ങളില്ല. ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, രക്ഷിതാക്കളുടെ കാലശേഷം അവരുടെ സംരക്ഷണം എന്നിവയ്ക്കും  പദ്ധതികളില്ല.

കെ.കെ.രമ, കെ.കെ.ശൈലജ
കെ.കെ.രമ, കെ.കെ.ശൈലജ

കുടുംബശ്രീക്ക് കരുതൽ  

കെ.കെ.ശൈലജ

സ്ത്രീകൾക്കും കുട്ടികൾക്കും ബജറ്റ് വലിയ പരിഗണന. കുടുംബശ്രീക്കു കഴിഞ്ഞ വർഷത്തെക്കാൾ 5 കോടി രൂപ കൂടുതൽ അനുവദിച്ചത് അഭിനന്ദനാർഹം. മൂന്നു ലക്ഷത്തോളം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള കെ–ലിഫ്റ്റ് പദ്ധതി വലിയ സാധ്യതകൾ തുറക്കും. 

ആരോഗ്യമേഖല

ആദ്യം വേണ്ടത് നിർധനർക്ക് മരുന്ന്

എം.കെ.മുനീർ

കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുന്നതിനു മുൻപു നിർധന രോഗികൾക്കു മരുന്നും ചികിത്സയും ലഭ്യമാക്കുന്നതായിരിക്കും ഉചിതം. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായവർക്കു മിക്ക സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കുന്നില്ല. ഈ പദ്ധതിയിൽ അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണ്. ആരോഗ്യ സുരക്ഷ ഫണ്ട് പലയിടത്തും പരീക്ഷിച്ചു പരാജയപ്പെട്ട  സംവിധാനമാണ്. 

എം.കെ.മുനീർ, സുജിത് വിജയൻ പിള്ള
എം.കെ.മുനീർ, സുജിത് വിജയൻ പിള്ള

ആരോഗ്യ സുരക്ഷ ഫണ്ട് മികച്ച നീക്കം 

സുജിത് വിജയൻ പിള്ള

ആരോഗ്യമേഖലയ്ക്ക് 2052.23 കോടി രൂപ നീക്കിവച്ചതു വലിയ നേട്ടം. ആരോഗ്യ സ്ഥാപനങ്ങളെ നവീകരിച്ചു മെഡിക്കൽ ഹബ്ബാക്കുകയും വിദേശത്തു നിന്നുള്ള രോഗികൾക്കുവരെ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന പ്രഖ്യാപനം മികച്ചത്. ആരോഗ്യ സുരക്ഷ ഫണ്ട്  തുടങ്ങാനുള്ള നീക്കം വിജയം നേടും. നഴ്സുമാരുടെ കുറവു പരിഹരിക്കാൻ പുതിയ 5 നഴ്സിങ് കോളജുകൾ തുടങ്ങുന്നു. 

വിദ്യാഭ്യാസ മേഖല 

ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റത്തിന് തുടക്കമാവും 

മുഹമ്മദ് മുഹസിൻ

സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോഴും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും പുരോഗതിക്കും നവീനമായ പദ്ധതികൾ. സൗജന്യ യൂണിഫോമിനായി കൂടുതൽ തുക. നൈപുണ്യ വികസന പദ്ധതിയും എല്ലാ ജില്ലകളിലും മോഡൽ സ്കൂളുമെല്ലാം ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികൾ കേരളത്തിനു പുറത്തേക്കു പോകുന്ന പ്രവണതയ്ക്കു ബദലായി ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ പദ്ധതികളുണ്ട്. 

മുഹമ്മദ് മുഹസിൻ, റോജി എം.ജോൺ
മുഹമ്മദ് മുഹസിൻ, റോജി എം.ജോൺ

പ്രഖ്യാപനമെല്ലാം ക്ലീഷേ 

റോജി എം.ജോൺ

പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതു തടയാനുള്ള പദ്ധതികളില്ല. ഉച്ചഭക്ഷണത്തിനുള്ള തുച്ഛമായ വിഹിതം കാലോചിതമായി പരിഷ്കരിക്കാനും തയാറായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തസ്തിക നിർണയം പോലും ഫ്രീസറിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ ഹബ് ആക്കി മാറ്റുമെന്ന ക്ലീഷേ പ്രഖ്യാപനം മാത്രം. 

കല, സാംസ്കാരികം

പടം പൊട്ടി 

മാണി സി.കാപ്പൻ

ചലച്ചിത്ര മേഖലയെ പുനരുദ്ധരിക്കാൻ‍ നടപടിയില്ല.  സിനിമ, നാടകം, നാടൻകലകൾ തുടങ്ങി കലാരംഗത്തോടുള്ള കടുത്ത അവഗണനയാണ് ബജറ്റ്.  സിനിമയെ വ്യവസായമായി സർക്കാർ പരിഗണിക്കുന്നില്ല. കെഎസ്എഫ്ഡിസി വഴിയൊക്കെ ചലച്ചിത്ര പ്രവർത്തകർക്കു സഹായം കിട്ടിയതൊക്കെ പഴങ്കഥകൾ മാത്രം.

മാണി സി.കാപ്പൻ, എം. മുകേഷ്
മാണി സി.കാപ്പൻ, എം. മുകേഷ്

അക്കാദമികൾക്ക് മെയിൻ റോൾ

എം. മുകേഷ്

സാംസ്കാരിക സ്ഥാപനങ്ങൾക്കും വിവിധ അക്കാദമികൾക്കുമായി 190 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്‌ലോർ അക്കാദമി ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾക്കെല്ലാം ഇതിന്റെ പ്രയോജനം കിട്ടും. 

വ്യവസായം

അവകാശവാദങ്ങളെല്ലാം പൊള്ള 

മഞ്ഞളാംകുഴി അലി

1,40,000 സംരംഭം ആരംഭിച്ചെന്നതുൾപ്പെടെ പൊള്ളയായ അവകാശവാദങ്ങളാണു ബജറ്റിൽ . പ്രധാന വ്യവസായികളും സംരംഭങ്ങളുമെല്ലാം മറ്റു സംസ്ഥാനങ്ങളിലേക്കു പോയി. ആ സ്ഥിതി മാറ്റാനുള്ള ഒരു പുതിയ നിർദേശവും ഇത്തവണയും ബജറ്റിൽ ഇല്ല.  വ്യവസായ മേഖലയുടെ നട്ടെല്ലായ എംഎസ്എംഇകൾക്കായി കാര്യമായ പദ്ധതികളില്ല.  

മഞ്ഞളാംകുഴി അലി, തോമസ് കെ.തോമസ്
മഞ്ഞളാംകുഴി അലി, തോമസ് കെ.തോമസ്

വ്യവസായങ്ങൾക്ക് പുത്തൻ ഉണർവ്

തോമസ് കെ.തോമസ്

വ്യവസായത്തിനു ഭൂമിയേറ്റെടുക്കലിനു ലാൻഡ് പൂളിങ് പ്രോത്സാഹിപ്പിക്കുമെന്ന നിർദേശം വ്യവസായ മേഖലയ്ക്ക് ഉണർവു നൽകുന്നതാണ്. 25 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ കൂടി അടുത്ത വർഷം ആരംഭിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. പരമാവധി സംരംഭങ്ങളെ ആകർഷിക്കാനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനും ബജറ്റ് ശ്രദ്ധിച്ചിരിക്കുന്നു. പുതിയ മേഖലകൾക്കും പരമ്പരാഗത മേഖലകൾക്കും സംരക്ഷണം. 

English Summary:

MLA's response to the budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com