ADVERTISEMENT

പത്തനംതിട്ട ∙ ഗവി കൊച്ചുപമ്പയിലെ വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) ഓഫിസിലെ ക്ലാർക്ക് ഭൂലോകലക്ഷ്മിക്കായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് 12 വർഷം പിന്നിടുന്നു. എന്നെങ്കിലും മടങ്ങിയെത്തുമെന്നു കരുതി; ഇപ്പോൾ പ്രതീക്ഷ മങ്ങിത്തുടങ്ങിയെന്നു ഭർത്താവ് ദാനിയേൽകുട്ടിയും മക്കളും പറയുന്നു. തിരുവല്ല ക്രൈംബ്രാഞ്ച് ഇപ്പോഴും അന്വേഷിക്കുന്നുണ്ടെങ്കിലും കേസിൽ പുരോഗതിയില്ല.

2011 ഓഗസ്റ്റ് 13നാണു പമ്പ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തുള്ള ക്വാർട്ടേഴ്സിൽനിന്നു തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഭൂലോകലക്ഷ്മിയെ കാണാതായത്. 2019 ൽ വിരമിച്ച ശേഷം ദാനിയേൽ സ്വന്തം സ്ഥലമായ കൊല്ലം നല്ലിലയിൽ മക്കൾക്കൊപ്പമാണ് ഇപ്പോൾ താമസം. കെഎഫ്ഡിസിയിൽ വാച്ചറായിരുന്ന ദാനിയേലിന്റെയും ഭൂലോകലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നു.

ദാനിയേൽ ഭാര്യയെ തേടി അലയാത്ത നാടുകളില്ല. കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷനിൽ മുൻപു ജോലി ചെയ്ത ഉദ്യോഗസ്ഥർക്കു തിരോധാനവുമായി ബന്ധമുണ്ടെന്നാണ് ദാനിയേലിന്റെ ആരോപണം. കാണാതായ ദിവസം രാത്രിയിൽ ഇവരുടെ വീട്ടുമുറ്റത്ത് ഒരു വാഹനം വന്നുപോയതായി സ്‌ഥലവാസികൾ പൊലീസിനു മൊഴി നൽകിയിരുന്നു. ആ ദിവസം മക്കളുടെ പഠനസംബന്ധമായ ആവശ്യത്തിനായി ദാനിയേൽ തിരുനെൽവേലിയിൽ പോയിരുന്നു.

തൊഴിലാളികൾക്കുള്ള കൂലി വിതരണം ചെയ്തശേഷം വൈകിട്ട് ആറിനു ഭൂലോകലക്ഷ്മി താമസ സ്ഥലമായ ഏഴാം നമ്പർ ക്വാർട്ടേഴ്സിൽ എത്തി. ഭർത്താവുമായി രാത്രി 8 വരെ ഫോണിൽ സംസാരിച്ചു. പിന്നീടു വിവരമൊന്നുമില്ല. ദാനിയേൽ 2 ദിവസത്തിനു ശേഷം 16 നു രാവിലെ തിരികെയെത്തിയപ്പോൾ അവർ വീട്ടിൽ ഇല്ല. വീട് അലങ്കോലമായിരുന്നു. മൂഴിയാർ പൊലീസിന്റെ അന്വേഷണം എവിടെയും എത്താതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

കൊച്ചുപമ്പ ചെക്പോസ്റ്റിലെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണു സഹപ്രവർത്തകനു ലക്ഷ്മിയുടെ തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്നു പറഞ്ഞത്. ദാനിയേൽ ഈ സംഭാഷണം ഫോണിൽ റിക്കോർഡ് ചെയ്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു കൈമാറി. പ്രതിയെന്നു സംശയിച്ച ആളുടെ ചുമതലയിലുണ്ടായിരുന്ന ഡിപ്പാർട്മെന്റ് ജീപ്പ് അന്നു രാത്രി ഇവരുടെ ക്വാർട്ടേഴ്സിന്റെ സമീപത്തു ചെന്നതും വാഹനം രേഖകളിലുള്ളതിനെക്കാൾ നൂറിലേറെ കിലോമീറ്റർ അധികം സഞ്ചരിച്ചതും സംശയം ബലപ്പെടുത്തി.

ഉദ്യോഗസ്ഥനെ നുണപരിശോധനയ്ക്കു വിധേയനാക്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കൊലക്കുറ്റം സമ്മതിച്ചിരുന്നു. ഭൂലോകലക്ഷ്മിയെ പീഡിപ്പിച്ചു കൊന്നെന്ന് ആദ്യം പറഞ്ഞ ഇയാൾ പിന്നീടു വാക്കത്തി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി ഡാമിലിട്ടെന്നും കുഴിച്ചിട്ടെന്നും കത്തിച്ചെന്നും മാറ്റിമാറ്റിപ്പറഞ്ഞു. സ്വർണാഭരണങ്ങൾ പുനലൂരിൽ പണയം വച്ചെന്നും പറഞ്ഞു. എന്നാൽ, മൃതദേഹമോ മറ്റു തെളിവുകളോ ആഭരണങ്ങളോ വീണ്ടെടുക്കാൻ പൊലീസിനു കഴിഞ്ഞില്ല. അതോടെ അറസ്റ്റ് രേഖപ്പെടുത്താനാകാതെ വന്നു.

അന്ന് 4 ചെക്പോസ്റ്റുകളുള്ള, പൂർണമായും വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അവരറിയാതെ ആർക്കും പുറത്തു പോകാനോ അകത്തേക്കു കടക്കാനോ കഴിയില്ലെന്നു ദാനിയേൽ പറയുന്നു. സാമ്പത്തികബുദ്ധിമുട്ടുമൂലം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയിൽ പോകാനും ദാനിയേലിനു കഴിഞ്ഞിട്ടില്ല.

കെഎഫ്ഡിസിയിൽനിന്നു ഭൂലോകലക്ഷ്മിക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച കേസ് റാന്നി കോടതിയിലുണ്ട്. തുടർച്ചയായി കേസ് മാറ്റിവയ്ക്കുന്നതിനാൽ ആ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലാണു ദാനിയേലും കുടുംബവും.

English Summary:

12 years since Bhulokalakshmi went missing from the forest department quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com