ADVERTISEMENT

കൊച്ചി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി റിയാസ് അബൂബക്കർ (35) നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യുഎപിഎ) കുറ്റങ്ങൾ ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കണ്ടെത്തി.

കേസിൽ 2018ലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനയ്ക്കു ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങൾ റിയാസ് ചെയ്തിട്ടുണ്ടെന്നാണു കുറ്റപത്രത്തിലെ ആരോപണം. പത്തും പതിനാലും വർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന 2 കുറ്റമാണിത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഗൂഢാലോചനാകുറ്റവും റിയാസിനെതിരെ തെളിഞ്ഞിട്ടുണ്ട്. പ്രതിക്കു നൽകേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്നും തുടരും.

അറസ്റ്റിലായ ശേഷം ജയിലിൽ കിടന്ന 5 വർഷം ശിക്ഷയിൽ ഇളവുചെയ്യും. ചാവേർ ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണു റിയാസിന്റെ അറസ്റ്റ്. ഒപ്പം പിടിക്കപ്പെട്ട കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് എന്നിവർ കേസിൽ മാപ്പുസാക്ഷികളായി. ഐഎസിൽ ചേർക്കാനായി സിറിയയിലേക്കു കടത്തിയതായി കരുതുന്ന 14 കാസർകോട് സ്വദേശികളെ കുറിച്ചുള്ള എൻഐഎ അന്വേഷണമാണു റിയാസിലെത്തിയത്. 2016ലാണ് ഈ സംഭവം നടന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.

ഐഎസ് നേതാവായ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരമാണ് ഇന്ത്യയിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ റിയാസ് പദ്ധതിയിട്ടതെന്ന് എൻഐഎ ആരോപിക്കുന്നു. 253 പേർ കൊല്ലപ്പെട്ട ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി ബന്ധപ്പെട്ടു റിയാസ് ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതാണു കേസിന്റെ ഗൗരവം വർധിപ്പിച്ചത്. ഇതു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉപകരണങ്ങളും എൻഐഎ കോടതിയിൽ ഹാജരാക്കി. റിയാസിന്റെ അറസ്റ്റിനു ശേഷമാണു 2019 ഏപ്രിലിൽ ശ്രീലങ്കയിൽ 8 സ്ഫോടനം നടന്നത്. ഐഎസിനു വേണ്ടി മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തിയെന്ന കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദിന് എൻഐഎ കോടതി നേരത്തെ 7 വർഷം കഠിനതടവു വിധിച്ചിരുന്നു.

English Summary:

Riyas Aboobacker found guilty in assassination conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com