ADVERTISEMENT

തൃശൂർ ∙ വാക്കുകളായിരുന്നു രവിവർമയുടെ വിത്ത്. എത്രയോ പേരെ കൃഷിയുടെ സ്നേഹലോകത്തേക്ക് അദ്ദേഹം ആ വാക്കുകളിലൂടെ കൊണ്ടുവന്നു. അവരെ പുത്തൻ കൃഷിരീതിയുടെ വരമ്പുകളിലൂടെ നടത്തി. ആർ.ടി.രവിവർമ യാത്രയാകുമ്പോൾ കാർഷിക പത്രപ്രവർത്തനത്തിന്റെ പുത്തൻ രീതി എല്ലായിടത്തും പടർന്നെത്തിക്കഴിഞ്ഞു. 

ഡ്രിപ് ഇറിഗേഷൻ എന്ന പുതിയ രീതി വന്നപ്പോൾ വിദഗ്ധർ അതിനെ വിളിച്ചതു ‘കണിക ജലസേചനം’ എന്നാണ്. എന്നാൽ രവിവർമ അതിനെ കൂടുതൽ ലളിതമാക്കി ‘തുള്ളിനന’ എന്നു വിളിച്ചു. ‘അത്യുൽപാദനശേഷി’ എന്ന വാക്കിനു പ്രചാരം കൂടിയപ്പോൾ അദ്ദേഹമതിനെ ‘വിളപ്പൊലിമ’ എന്നു വിളിച്ചു. വാക്കുകൾ കണ്ടെത്തിയത് അദ്ദേഹമല്ലെങ്കിലും അതു പ്രചരിപ്പിച്ചു. കൃഷിക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ മാത്രം സംസാരിക്കണമെന്നു രവിവർമ വിശ്വസിച്ചു. സർക്കാർ സംവിധാനത്തിലായിട്ടു പോലും അതു നടപ്പാക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ കോവിലകത്തു ജനിച്ച അദ്ദേഹം മുൻഗാമികളുടെ വഴിയേ മെഡിസിനിലേക്കും എൻജിനീയറിങ്ങിലേക്കും പോയില്ല. കൃഷിയെക്കുറിച്ചു പഠിക്കാനാണു നിശ്ചയിച്ചത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി കാർഷിക പത്രപ്രവർത്തനത്തെക്കുറിച്ചു പഠിച്ചു. 

തിരിച്ചുവന്ന അദ്ദേഹം ഇംഗ്ലിഷിലും മലയാളത്തിലും കൃഷിയെക്കുറിച്ച് എഴുതിക്കൊണ്ടേയിരുന്നു. സീരിയെന്ന തൂലികാനാമത്തിൽ കർഷകരുടെ ആത്മമിത്രമായി. സീരം എന്നാൽ കലപ്പ. കലപ്പയേന്തിയവൻ എന്ന അർഥത്തിലാണു ‘സീരി’ എന്ന പേരു സ്വീകരിച്ചത്. 

കർഷകന്റെ മനസ്സിലുള്ളതാണ് എഴുതേണ്ടതെന്നു താൻ പഠിച്ചത് അമേരിക്കയിലെ പഠനകാലത്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുവരെ  സാഹിത്യഭാഷയിൽ എഴുതിയിരുന്ന രവിവർമ പിന്നീടെഴുതിയതു നാടൻ ഭാഷയിലാണ്. അതിനുവേണ്ടി അദ്ദേഹം കർഷകരുടെ കൂടെ ഏറെ സമയം ചെലവിട്ടു. കൃഷിരീതികൾ പഠിച്ചു. 

കേരള രൂപീകരണത്തിനു മു‍ൻപു പ്രസിദ്ധീകരണം തുടങ്ങിയ കേരള കർഷകനെന്ന മാസിക സർക്കാരിനുവേണ്ടി പുതിയ രൂപത്തിലാക്കിയതു രവിവർമയാണ്. കേരള സർവകലാശാല ജേണലിസം വകുപ്പിലെ അധ്യാപകനായപ്പോഴും അദ്ദേഹം കൃഷിയെക്കുറിച്ച് എഴുതുന്നതും പഠിപ്പിക്കുന്നതും പഠിക്കുന്നതും തുടർന്നു. കാർഷിക പത്രപ്രവർത്തനമെന്ന ശാഖയ്ക്കു വേരോട്ടമുണ്ടായതു രവിവർമയിലൂടെയും അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയുമാണ്. 

കേന്ദ്ര കൃഷി മന്ത്രാലയത്തിലും സംസ്ഥാന കൃഷി വകുപ്പിലും കാർഷിക മാസികകൾ ജനകീയമാക്കിയാണ് അദ്ദേഹം പദവികളിൽനിന്നു പടിയിറങ്ങിയത്. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു കാർഷിക പ്രസിദ്ധീകരണം കൂടുതൽ കർഷകരിൽ എത്തിക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കി. ഈ കാലത്താണു സർക്കാരുകൾ കാർഷിക വിദഗ്ധരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതും കർഷകർക്കിടയിലേക്ക് എത്തിക്കുന്നതും. 

ജൈവകൃഷി, വീട്ടിൽ ഒരു പൂന്തോട്ടം, വീട്ടിൽ ഒരു അടുക്കളത്തോട്ടം, പഴവർഗങ്ങൾ, കനകം വിളയിക്കുന്ന കർമയോഗികൾ, കൃഷിപരിചയം, രാജവംശം: തൃപ്പൂണിത്തുറ സ്മരണകൾ, കൊച്ചി രാജവംശം: കഥയും കാര്യവും എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു. 

മലയാള മനോരമയുടെ കാർഷിക പ്രസിദ്ധീകരണമായ ‘കർഷകശ്രീ’ വളർന്നുകയറിയതിൽ എഡിറ്റർ ഇൻ ചാർജ് എന്നനിലയിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. കാർഷിക പത്രപ്രവർത്തനത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കാർഷിക വളർച്ച സ്വപ്നം കണ്ട ഒരാളുകൂടിയാണു യാത്രയായത്.

English Summary:

RT Ravivarma shown new way for agricultural journalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com