നിരോധനാജ്ഞ പ്രഖ്യാപിച്ച് പൂപ്പാറയിൽ കയ്യേറ്റമൊഴിപ്പിക്കൽ; ആത്മഹത്യാഭീഷണി മുഴക്കി കച്ചവടക്കാർ, സംഘർഷം
Mail This Article
പൂപ്പാറ ∙ ആത്മഹത്യാഭീഷണി മുഴക്കി കച്ചവടക്കാർ പ്രതിഷേധമുയർത്തിയെങ്കിലും പൂപ്പാറ ടൗണിലെ കയ്യേറ്റം റവന്യു സംഘം ഒഴിപ്പിച്ചു. പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയശേഷമാണു റവന്യു ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ മുദ്രവച്ചത്. പൂപ്പാറ ടൗണിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു നടപടി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ശാന്തൻപാറ പഞ്ചായത്തിലെ പ്രധാന ടൗണാണു പൂപ്പാറ.
പൂപ്പാറയിൽ പുറമ്പോക്ക് കയ്യേറി നിർമിച്ചെന്നു റവന്യു വകുപ്പ് കണ്ടെത്തിയ 85 കെട്ടിടങ്ങൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഇന്നലെ സർക്കാർ ഏറ്റെടുത്തത്. പന്നിയാർ പുഴയുടെ തീരത്ത് 56 വ്യക്തികൾ കൈവശം വച്ചിരുന്ന 46 കടമുറികളും 39 വീടുകളും 3 ആരാധനാലയങ്ങളും ഒരു കുരിശടിയുമാണ് ഇടുക്കി സബ് കലക്ടർ അരുൺ എസ്.നായരുടെ നേതൃത്വത്തിൽ പൂട്ടി മുദ്രവച്ചത്. ഇതിൽ നിലവിൽ ആളുകൾ താമസിക്കുന്ന 39 കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടില്ല. ഇവർക്ക് ഒഴിഞ്ഞുപോകാൻ സാവകാശം നൽകി.
രാവിലെ പത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മുതൽ ടൗൺ സംഘർഷഭൂമിയായി. ഒരു കടയുടമ കയ്യിൽ കരുതിയ ഡീസൽ കുപ്പിയുയർത്തി പ്രതിഷേധിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അതു മാറ്റി. പ്രതിഷേധത്തിനു നേതൃത്വം നൽകിയ 7 പേരെ അറസ്റ്റ് ചെയ്തതോടെ സംഘർഷത്തിന് അയവു വന്നു. വൈകിട്ട് മൂന്നരയോടെ നടപടികൾ പൂർത്തിയായി. നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യാപാരികൾ പറഞ്ഞു.