ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ ഉൾപ്പെടെ നടത്താനുള്ള അവകാശത്തോടെ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ബിൽ തയാർ. മന്ത്രിസഭാ യോഗത്തിൽ പാസാക്കുന്നതിനുവേണ്ടി ബിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു നീക്കം. 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

∙ മൊത്തം വിദ്യാർഥികളിൽ 25% കേരളത്തിൽ നിന്നുള്ളവരായിരിക്കണം. 

∙ പട്ടികജാതി–വർഗ വിദ്യാർഥികൾക്കു സംവരണം നൽകണം. എത്ര ശതമാനമെന്നു മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

∙ സർക്കാർ ഏജൻസികൾ നിർദേശിക്കുന്ന യോഗ്യതയുള്ള അധ്യാപകരെ മാത്രമേ നിയമിക്കാവൂ. 

∙ മെഡിക്കൽ, എൻജിനീയറിങ്, ആർട്സ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും ഡിഗ്രി മുതൽ പിഎച്ച്ഡി വരെയുള്ള കോഴ്സുകൾ നടത്താം.

∙ സർക്കാർ, സ്വകാര്യ മേഖലയിലെ സർവകലാശാലകൾക്കു സഹകരിച്ചു പ്രവർത്തിക്കുന്നതിനു തടസ്സമില്ല.

സ്ഥാപിക്കാൻ വേണ്ടത്

∙ കോർപറേഷൻ പരിധിയിലാണെങ്കിൽ 20 ഏക്കർ സ്ഥലം, മുനിസിപ്പാലിറ്റി മേഖലയിൽ 30 ഏക്കർ, പഞ്ചായത്തിൽ 40 ഏക്കർ. 

∙ സർവകലാശാലയ്ക്കു പുറത്ത് ക്യാംപസ് നിർമിക്കുന്നുണ്ടെങ്കിൽ ആസ്ഥാനത്തിനു 10 ഏക്കർ മതി. 

സർവകലാശാല: അപേക്ഷിക്കേണ്ടത് ഇങ്ങനെ

സംസ്ഥാന സർക്കാരിന് അപേക്ഷ നൽകണം. 

∙ വിദ്യാഭ്യാസ വിചക്ഷണൻ അധ്യക്ഷനായ 6 അംഗ സമിതി അനുമതിക്കാര്യത്തിൽ തീരുമാനമെടുക്കും. 

∙ ഓരോ സർവകലാശാലയുടെയും തീരുമാനമെടുക്കുന്നതിനുള്ള കൂടിയാലോചനാ സമിതിയിൽ അതതു ജില്ലാ കലക്ടർ അനൗദ്യോഗിക അംഗമായിരിക്കും.

ബില്ലിന്റെ വഴി

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നു മാത്രമേ തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിൽ പറയുന്നുള്ളൂ. വിവിധ മേഖലകളിൽ സർവകലാശാലകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ശുപാർശകൾ അടിസ്ഥാനമാക്കിയാണു സ്വകാര്യ സർവകലാശാലാ ബില്ലിന്റെ കരടു തയാറാക്കിയത്. കരടു പരിശോധിച്ച നിയമ വകുപ്പ്, ഭരണഘടനാനുസൃതമുള്ള സംവരണം അടക്കം നിർദേശങ്ങൾ മുന്നോട്ടുവച്ചു. അവ കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.

വിദേശ വാഴ്സിറ്റിയും വരും

സ്വകാര്യ സർവകലാശാലാ ബില്ലിലെ വ്യവസ്ഥകളിൽ ചെറിയ ഭേദഗതികളോടെയായിരിക്കും വിദേശ സർവകലാശാലാ ക്യാംപസുകൾക്കുള്ള നിയമം തയാറാക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എന്നാൽ, സ്വകാര്യ സർവകലാശാലാ ബില്ലിൽ സംവരണം നിഷ്കർഷിക്കുന്നുണ്ടെങ്കിലും വിദേശ സർവകലാശാലകൾ ഇവിടെ സ്ഥാപിക്കുന്ന ക്യാംപസുകൾക്ക് അതു ബാധകമാക്കാൻ സാധിക്കുമോയെന്നു പഠിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിദേശ സർവകലാശാലാ ക്യാംപസുകൾക്കുള്ള മാനദണ്ഡം യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാന്തര റാങ്കിങ്ങിൽ ആദ്യ 500ൽ എങ്കിലും ഉൾപ്പെട്ട സർവകലാശാലകൾക്കേ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നൽകുകയുള്ളൂ.

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, ഗവേഷണ കോഴ്സുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരമുണ്ടായിരിക്കും. യുജിസിയുടെ ഈ വ്യവസ്ഥകൾ സംസ്ഥാന നിയമത്തിലും ഉൾപ്പെടുത്തും.

∙ യുജിസിയുടെ കണക്കനുസരിച്ച് രാജ്യത്തെ സർവകലാശാലകളുടെ ആകെ എണ്ണം – 1074

∙ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ളത്: 460 

സ്വകാര്യം: 430 

ഡീംഡ്: 128 

കേന്ദ്ര സർവകലാശാലകൾ: 56 

(കഴിഞ്ഞ 5 വർഷത്തിനുള്ളിലാണു 140 സ്വകാര്യ സർവകലാശാലകൾ ആരംഭിച്ചത്. ഇതിൽ 28 എണ്ണവും ഗുജറാത്തിൽ.)

English Summary:

Private University bill ready in chief minister Pinarayi Vijayan office to get approval from kerala cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com