ADVERTISEMENT

കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ നടപടികൾ പാളി; 2022നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം കേരളത്തിൽ 4231 അപകടങ്ങൾ കൂടി. റോഡ് അപകടങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണു കേരളം ഇപ്പോൾ. ഒന്നാമതു തമിഴ്നാടും രണ്ടാമതു മധ്യപ്രദേശുമാണ്. കേരളത്തിൽ 2022ൽ 43910 അപകടങ്ങൾ ഉണ്ടായപ്പോൾ കഴിഞ്ഞ വർഷം അത് 48,141 ആയി.

4010 പേരാണു 2023ൽ റോഡപകടങ്ങളിൽ മരിച്ചത്. 2022നെ അപേക്ഷിച്ചു 307 മരണം കുറഞ്ഞു. എന്നാൽ പരുക്കേറ്റവരുടെ എണ്ണത്തിൽ 10% വർധനയുണ്ടായി. 2022ൽ 49,307 എന്നതു കഴിഞ്ഞ വർഷം 54,369 ആയി. 232 കോടി രൂപ മുടക്കി റോഡ് ക്യാമറ സ്ഥാപിച്ചിട്ടും അപകടങ്ങൾക്കു കുറവുണ്ടായില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

2022 ഒക്ടോബർ 5നു വടക്കഞ്ചേരി ബസ് അപകടത്തിൽ സ്കൂൾ കുട്ടികൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ടു ഹാജരായപ്പോൾ, 13.7% അപകടം കുറഞ്ഞെന്നും 2022ൽ 20% അപകടം കുറയ്ക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ 2022ലും പോയവർഷവും അപകടം കുറയ്ക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

2022ൽ ദിവസം 120 അപകടങ്ങൾ നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം ദിവസം 131 എന്ന രീതിയിൽ വർധിച്ചു. റോഡ് സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിനായി 2007ൽ റോഡ് സേഫ്റ്റി അതോറിറ്റി രൂപീകരിച്ചെങ്കിലും പൂർണ ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിച്ചിട്ടില്ല. 2018ൽ റോഡ് സുരക്ഷയ്ക്കായി ഓരോ ജില്ലയിലും പ്രത്യേക ആർടി ഓഫിസും സ്ക്വാഡും റോഡ് സേഫ്റ്റിക്ക് അനുവദിച്ചെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോൾ സ്ക്വാഡുകൾ ട്രാൻസ്പോർട്ട് കമ്മിഷണറുടെ കീഴിലാക്കി ഉത്തരവിറക്കി. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിക്കുന്നതും പ്രധാനമായി മോട്ടർ വാഹന വകുപ്പാണ്.

അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അവഗണിച്ചു

വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനു ശുപാർശകൾ സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സർക്കാർ കണ്ട മട്ടു നടിച്ചിട്ടില്ല. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു നിർദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.

ആർടിഒ, സബ്–റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് എന്നിവിടങ്ങളിലെ മോട്ടർ വാഹന ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ദിവസവും 6 മണിക്കൂറെങ്കിലും എൻഫോഴ്സ്മെന്റ് ഡ്യൂട്ടി നൽകണമെന്നായിരുന്നു പ്രധാന ശുപാർശ. ഇതു നടപ്പായിട്ടില്ല. ഇവരെ റോഡ് സുരക്ഷാ കമ്മിഷണറുടെയും അതതു റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെയും (എൻഫോഴ്സ്മെന്റ്) കീഴിലാക്കണമെന്നും നിർദേശിച്ചിരുന്നു. ഇതും പൂർണമായി നടപ്പാക്കിയിട്ടില്ല.

English Summary:

Road Accidents increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com