ADVERTISEMENT

തിരുവനന്തപുരം∙ വിദേശ സർവകലാശാലകൾ അനുവദിക്കുന്നതു സിപിഎം അംഗീകരിച്ചിട്ടില്ലെന്നും എന്നാൽ പാർട്ടി നിലപാട് അതുപോലെ നടപ്പാക്കാൻ ഇടതു മുന്നണിക്കും സർക്കാരിനും കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് നടപ്പിലാക്കും എന്നല്ല, സാധ്യതകൾ പരിശോധിക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇക്കാര്യത്തിൽ എല്ലാ മേഖലകളിലും ചർച്ച നടക്കട്ടെ. സിപിഎം മുദ്രാവാക്യങ്ങളെല്ലാം എൽഡിഎഫിൽ നടപ്പാക്കാനാകില്ല. 1957ലെ സർക്കാരിന്റെ കാലം മുതൽ ഈ പരിമിതിയുണ്ട്. അത് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഇത് സോഷ്യലിസ്റ്റ് രാജ്യമോ ജനാധിപത്യ വിപ്ലവം നടന്ന രാജ്യമോ അല്ല. തനി മുതലാളിത്ത സമൂഹമാണിത്. കുത്തക മുതലാളിത്തത്തിനാണു മുൻകൈ. അതിന്റെ ഭാഗമാണു കേരളം. രാജ്യമാകെ നടപ്പാക്കുന്ന വിദ്യാഭ്യാസ നയത്തിൽ കേരളത്തിന് എന്ത് നിലപാട് സ്വീകരിക്കാമെന്നതാണ് പരിശോധിക്കുന്നത്. ഈ വിഷയം പാർട്ടി പൊളിറ്റ് ബ്യുറോ ചർച്ച ചെയ്യേണ്ട കാര്യമില്ല. പ്രതിനായക സ്ഥാനത്ത് പിബിയെ പ്രതിഷ്ഠിക്കേണ്ട. പിബിയും കേന്ദ്ര കമ്മിറ്റിയും സംസ്ഥാനത്തെ ഉന്നത സമിതികളുമെല്ലാം കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. – ഗോവിന്ദൻ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുടിശിക മുഴുവൻ കൊടുക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. പക്ഷേ സാമ്പത്തിക സ്ഥിതി സർക്കാരിനും ധനമന്ത്രിക്കും മാത്രമേ അറിയൂ. ബിജെപിയുടെ ഉൾഭയം കൊണ്ടാണ് പ്രലോഭിപ്പിച്ചും പണം ഒഴുക്കിയും അട്ടിമറിക്കും കാലുമാറ്റത്തിനും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എൻ.കെ.പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്നിനു ക്ഷണിച്ചതിനെയും കാണുന്നത്. ഭക്ഷണത്തിന് ക്ഷണിച്ചാൽ പോകാത്തത് സംസ്കാരമില്ലായ്മയാണെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിൽ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് പ്രതിപക്ഷം ബഹിഷ്കരിച്ചത് എന്ത് സംസ്കാരത്തിന്റെ ഭാഗമാണെന്നു പ്രേമചന്ദ്രനെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം’– ഗോവിന്ദൻ പറഞ്ഞു.

English Summary:

CPM state secretary MV govindan on Foreign University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com