സി.എൻ.മോഹനന്റെ വരുമാന സ്രോതസ്സ് പാർട്ടി അന്വേഷിച്ചിട്ടുണ്ടോ?: മാത്യു കുഴൽനാടൻ

Mail This Article
തിരുവനന്തപുരം ∙ ലണ്ടനിലെ യോർക് സർവകലാശാലയിൽ മകളെ പഠിക്കാൻ അയച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ടോയെന്നു മാത്യു കുഴൽനാടൻ. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചയിലാണു മാത്യു ഇക്കാര്യം ഉന്നയിച്ചത്. തന്റെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നു മോഹനൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ലണ്ടനിൽ മകളുടെ ബിരുദദാനച്ചടങ്ങിൽ കോട്ടും സ്യൂട്ടും ഇട്ടു പങ്കെടുത്ത മോഹനൻ ആ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടിക്കാർ തങ്ങളുടെ കൈവശമുള്ള ഓരോ രൂപയുടെയും കണക്ക് പാർട്ടിയെ ബോധ്യപ്പെടുത്തണമെന്നാണു മോഹനൻ മുൻപു പറഞ്ഞിരുന്നത്. മോഹനൻ എന്തു തൊഴിൽ ചെയ്തിട്ടാണു മകളെ ലണ്ടനിൽ പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്തിയതെന്ന് അറിയാൻ പാർട്ടിക്കാർക്ക് അവകാശമുണ്ടെന്നും മാത്യു പറഞ്ഞു.