തലപ്പത്തെ തർക്കം; കെഎസ്ആർടിസി ശമ്പളക്കാര്യം തീരുമാനമായില്ല
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി തലപ്പത്തെ തർക്കങ്ങൾ ബാക്കി നിൽക്കെ ജീവനക്കാരുടെ ശമ്പളക്കാര്യത്തിലും പെൻഷൻ കാര്യത്തിലും തീരുമാനവും വൈകുന്നു. ഫെബ്രുവരി 12 ആയിട്ടും ജനുവരി മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡു പോലും തീരുമാനമായില്ല. പെൻഷൻകാരുടെ ദുരിതം 3 മാസമാകുന്നു, ഡിസംബർ മുതൽ പെൻഷൻ വിതരണം നടത്തിയിട്ടില്ല.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കി ധാരണ ഒപ്പിട്ടെങ്കിലും 10% പലിശയില്ലാതെ വിതരണത്തിന് തയാറല്ലെന്ന് പറഞ്ഞ് സഹകരണ വകുപ്പ് പിന്മാറി. അപ്പോഴേക്കും ഗതാഗതവകുപ്പിൽ പുതിയ മന്ത്രി വന്നു.
എല്ലാ മാസവും 5ന് മുൻപ് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞ ശമ്പളം ഇനിയും വിതരണമായില്ല.പ്രമുഖ സംഘടനയായ സിഐടിയു പ്രതിഷേധിക്കാതെ മാറി നിൽക്കുന്നെന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ മാസം ജീവനക്കാരുടെ സംഘടനകൾ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ കോടതിയിൽ കൊടുത്ത ഉറപ്പ് 10ന് മുൻപ് ആദ്യ ഗഡുവും 20ന് മുൻപ് രണ്ടാം ഗഡുവും ശമ്പളം വിതരണം ചെയ്യുമെന്നാണ്. 12–ാം കോടതിയലക്ഷ്യ നടപടിയാണ് പെൻഷൻകാരുടെ കാര്യത്തിൽ സർക്കാർ നേരിടുന്നത്.ചീഫ് സെക്രട്ടറി ഉൾപ്പെടെ ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.