‘വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല’
Mail This Article
കണ്ണൂർ ∙ പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചാൽ പ്രതിപക്ഷ നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. അതുപോലെയാണു പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തത്. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണു സിപിഎം ഇതു വിവാദമാക്കുന്നത്.
വർഗീയത ഇളക്കിവിടാനാണു സിപിഎം ശ്രമം. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പോകുന്നതിൽ തെറ്റൊന്നുമില്ല. ആ നിൽപ് സഹിക്കാൻ പറ്റുന്നില്ലെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. കൊല്ലം പാർലമെന്റ് സീറ്റ് സംബന്ധിച്ചു തർക്കമില്ല. 14നു ശേഷം പ്രഖ്യാപിക്കും – നേതാക്കൾ പറഞ്ഞു.
പ്രേമചന്ദ്രനെ സംഘിയാക്കരുത്: കെ.മുരളീധരൻ
കോഴിക്കോട്∙ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്നു കെ. മുരളീധരൻ എംപി. സഭയ്ക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണു േപ്രമചന്ദ്രൻ. രാഷ്ട്രീയം വേറെ, വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആരു വിളിച്ചാലും പരിപാടികളിൽ പോകാം. സ്വന്തം അന്തർധാര മറച്ചു പിടിക്കാൻ സിപിഎം കാണിക്കുന്ന പാപ്പരത്തമാണ് ഇപ്പോഴത്തെ വിമർശനമെന്നും മുരളീധരൻ പറഞ്ഞു.