പിഎഫ് ആനുകൂല്യവും പെൻഷനും ലഭ്യമാകും; ഭവാനിയെ തേടി ഏഴാം വർഷം ആശ്വാസം എത്തുന്നു

Mail This Article
കൊച്ചി∙ ഏഴു വർഷത്തിനൊടുവിൽ ഭവാനിക്കു നീതി ലഭിക്കുന്നു. ബിനാനി സിങ്ക് കമ്പനിയിൽനിന്നു വിരമിച്ച് ഏഴാം വർഷം ആലുവ പാനായിക്കുളം സ്വദേശിനി കെ.എ. ഭവാനിയുടെ പിഎഫ് ആനുകൂല്യമായ അരലക്ഷം രൂപ അനുവദിക്കാൻ തീരുമാനമായി. ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ പണമെത്തുമെന്ന് ഇപിഎഫ് അധികൃതർ അറിയിച്ചതായി ഭവാനി പറഞ്ഞു.
പിഎഫ് പെൻഷൻ ആനുകൂല്യവും പാസായെങ്കിലും ഇതിനു ബിനാനി സിങ്ക് അധികൃതരുടെ ഒപ്പും സീലുംകൂടി ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാലുടൻ പെൻഷനും ലഭ്യമാകും. ‘മലയാള മനോരമയ്ക്കു പ്രത്യേകം നന്ദി. ഏഴു വർഷമായുള്ള എന്റെ നടത്തത്തെക്കുറിച്ചു പത്രത്തിൽ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചതിന്’– ഭവാനി പറഞ്ഞു.
തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ പിഎഫ് ആനുകൂല്യം ലഭിക്കാത്തതിനെത്തുടർന്നു ജീവനൊടുക്കിയ സംഭവത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധ പരിപാടി നടക്കുന്നതിനിടെ ഭവാനി പിഎഫ് ഓഫിസിൽ എത്തിയിരുന്നു. പ്രതിഷേധയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു.
‘എനിക്ക് പാനായിക്കുളത്തു നിന്നു പിഎഫ് ഓഫിസിലേക്കു വരാൻ 50 രൂപയോളം ചെലവുണ്ട്. ഓരോ തവണയും ഈ പണം ചെലവിട്ട് എത്തുമ്പോൾ ഓരോ കാരണം പറഞ്ഞു മടക്കി അയയ്ക്കും. ഇപ്പോൾ എല്ലാ രേഖകളും ശരിയാക്കി പെൻഷൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു. വലിയ സന്തോഷം, ആശ്വാസം’–ഭവാനി പ്രതികരിച്ചു.