ബാറിലെ വെടിവയ്പ്: 3 പ്രതികൾ അറസ്റ്റിൽ
Mail This Article
കൊച്ചി∙ കതൃക്കടവ് ഇടശേരി ബാറിൽ വെടിവയ്പു നടത്തിയ 3 പേർ പിടിയിൽ. കളമശേരി എച്ച്എംടി ജംക്‌ഷൻ മൂലേപ്പാടം റോഡ് വെച്ചൂപടിഞ്ഞാറേതിൽ ദിൽഷൻ ബോസ് (34), ഇടപ്പള്ളി ബിടിഎസ് റോഡ് എസ്എംടി വിലാസിൽ വിജയ് ജോസ് (32), ആലുവ തായിക്കാട്ടുകര പൊയ്യേക്കര വീട്ടിൽ പി.എ.ഷെമീർ (32) എന്നിവരാണു സംഭവം നടന്നു 13 മണിക്കൂറിനകം നോർത്ത് പൊലീസിന്റെ പിടിയിലായത്. വെടിയുതിർത്ത ഒന്നാം പ്രതി അറസ്റ്റിലാകാനുണ്ട്. ലഹരി മാഫിയയുടെ ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ.
പ്രതികൾ ഉപയോഗിച്ചത് പിസ്റ്റൾ ആണെന്നു സിറ്റി ഡിസിപി കെ.എസ്.സുദർശൻ പറഞ്ഞു. വെടിവയ്പ്പിൽ ബാർ മാനേജർ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടിൽ ജിതിൻ ജോർജ് (25), ബാർ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിൻ ജോൺ (30), അഖിൽ (30) എന്നിവർക്കാണ് പരുക്കേറ്റത്. സുജിന്റെ വയറിലും അഖിലിന്റെ ഇടതുതുടയിലുമാണ് വെടിയേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ ഇരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.
ഇവിടെവച്ചു പ്രതികളായ ഷമീറും ദിൽഷനും തമ്മിൽ വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജർ ജിതിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന വെയ്റ്റർമാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു ജീവനക്കാരായ അഖിൽനാഥ്, സുജിൻ എന്നിവർക്കു നേരെ വെടിയുതിർത്തു. തുടർന്നു സംഘം കടന്നുകളയുകയായിരുന്നു.