ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. റോഡ് പണിയെക്കുറിച്ചുള്ള പരസ്യ വിമർശനത്തിൽ തനിക്കു പിഴവുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു. ഈ വിവാദത്തിൽ പരസ്യമായി പ്രതികരിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നതായി വാർത്ത വന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ അറിയിച്ചു. നഗരത്തിലെ റോഡ് പണി ഇഴയുന്നതിനെതിരെ നഗരസഭയുടെ വികസന സെമിനാറിൽ കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസംഗമാണു വിവാദങ്ങൾക്കു തുടക്കമിട്ടത്. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പൊതുപരിപാടിയിൽ തന്നെ പരോക്ഷമായി മറുപടി നൽകിയതോടെ വിവാദം കൊഴുത്തു. തുടർന്നായിരുന്നു പാർട്ടി ഇടപെടൽ.

നേതാക്കളുടെ പ്രതികരണങ്ങൾ പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. തുടർന്നാണ്, വിവാദങ്ങൾക്കു തുടക്കമിട്ട കടകംപള്ളിയോടു വിശദീകരണം തേടിയത്. എന്നാൽ റിയാസിനെതിരെ വിമർശനമുണ്ടായതു മാത്രമാണ് ആദ്യം വാർത്തയായത്. പാർട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗം കൂടിയായ റിയാസും ഈ വാർത്തകളെ തള്ളിപ്പറഞ്ഞു. തുടർന്നാണ് അത്തരത്തിൽ ഏകപക്ഷീയമായ വാർത്ത വരാനുണ്ടായ സാഹചര്യവും പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലും ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ തിരുവനന്തപുരത്തു നിന്നുള്ള ചില അംഗങ്ങളടക്കം മുൻ ജില്ലാ സെക്രട്ടറി കൂടിയായ കടകംപള്ളിക്കെതിരെ തിരിഞ്ഞു.

English Summary:

Criticism against Kadakampally Surendran in CPM state committee on Road work controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com