ADVERTISEMENT

തൃപ്പൂണിത്തുറ (കൊച്ചി)∙ ചൂരക്കാട് രണ്ടുപേരുടെ മരണത്തിനും വ്യാപകനാശത്തിനുമിടയാക്കി തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. അന്വേഷണച്ചുമതലയുള്ള സബ് കലക്ടർ കെ.മീര ഇന്ന് അപകടസ്ഥലം സന്ദർശിക്കും.

പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സ്ഫോടനസ്ഥലത്തു കിടന്ന ഇലക്ട്രിക് വയറിൽ വൈദ്യുതിയുണ്ടായിരുന്നെന്നും അതിൽ വെടിമരുന്നു വീണപ്പോൾ തീപിടിച്ചതാണെന്നും 2 പ്രതികൾ പറഞ്ഞിരുന്നു. ഈ വാദം മുഖവിലയ്ക്കെടുത്തിരിക്കുകയാണു പൊലീസ്. പടക്കനിർമാണത്തൊലാളിയായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ശ്രീകണ്ഠൻ പറയുന്ന മൊഴിയും ഇതു സാധൂകരിക്കുന്നതാണ്. പക്ഷേ, ഇതു സംബന്ധിച്ചു റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല.

അതേസമയം, വെടിക്കെട്ടിനു കൂടുതൽ ശബ്‌ദവും വെളിച്ചവും കിട്ടാൻ നിരോധിത രാസവസ്തുക്കളായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. ചെറിയ ഉരസൽ ഉണ്ടായാൽതന്നെ തീപിടിക്കാൻ സാധ്യതയുള്ള രാസവസ്‌തുവാണു പൊട്ടാസ്യം ക്ലോറേറ്റ്. പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിനു ഇവ കാരണമായിട്ടുണ്ടോ എന്ന സംശയവുമുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലേ ഇതു സ്ഥിരീകരിക്കാനാകൂ.

അപകടത്തിൽ പൊള്ളലേറ്റു തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ മരിച്ച ദിവാകരൻ (55) കൊല്ലം കൊട്ടിയം സ്വദേശിയാണെന്നു പൊലീസ് സൂചിപ്പിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വാൻ ഡ്രൈവർ തിരുവനന്തപുരം പോങ്ങുംമൂട് വാറുവിളാകം വിഷ്ണുവും സ്ഫോടത്തിൽ മരിച്ചു. പുതിയകാവ് ക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണു തിങ്കളാഴ്ച രാവിലെ പത്തരയോടെ അപകടം ഉണ്ടായത്.

പ്രതികൾ റിമാൻഡിൽ

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അരീക്കൽ വിനോദ് ഭവനത്തിൽ വിനോദ് (42), വെമ്പായം സ്വദേശി വിനീത് (27), തൃപ്പൂണിത്തുറക്കാരായ സതീശൻ, ശശികുമാർ എന്നിവരെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു. അപകടത്തിൽ ഗുരുതര പരുക്കേറ്റ മധുസൂദനനെ (60) വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കരാറുകാരൻ ആദർശ് (28), കൊല്ലം തെന്മല സ്വദേശി ആനന്ദൻ (69), കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ (50) എന്നിവർ ചികിത്സയിലാണ്. 

അടിമുടി നിയമലംഘനം

തൃപ്പൂണിത്തുറ (കൊച്ചി) ∙ ചൂരക്കാട് സ്ഫോടനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും കടുത്ത നിയമലംഘനം. വെടിക്കെട്ടു നടത്താൻ കരാർ എടുത്ത തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി ആദർശിനു പടക്കനിർമാണത്തിനു ലൈസൻസില്ലെന്നു വ്യക്തമായി. ആദർശിന്റെ അമ്മയുടെ പേരിലായിരുന്നു പടക്കനിർമാണത്തിനും തിരുവനന്തപുരം ജില്ലയിലെ ഗോഡൗണിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനുമുള്ള ലൈസൻസ്. 6 മാസം മുൻപ് അമ്മ മരിച്ചതോടെ ലൈസൻസ് റദ്ദായി. ഇതു മറച്ചുവച്ചാണ് ആദർശും സഹോദരനും പടക്ക നിർമാണം തുടർന്നത്. യാത്രക്കാരെ കൊണ്ടുപോകാൻ മാത്രം അനുമതിയുള്ള വാഹനത്തിൽ വെടിമരുന്നുകളും മറ്റും കൊണ്ടുവന്നതും നിയമം ലംഘിച്ചാണ്. തിരുവനന്തപുരം ആറ്റിങ്ങൽ‌ ഭാഗത്തു നിന്നാണു വെടിക്കെട്ടിനുള്ള സാധനങ്ങൾ എത്തിച്ചത്.

English Summary:

Magisterial inquiry to be held on Thrippunithura blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com