ADVERTISEMENT

കോഴിക്കോട് ∙ ദേശീയ ആരോഗ്യ ദൗത്യത്തിലെ (എൻഎച്ച്എം) നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നു മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചെങ്കിലും മറുഭാഗത്തു താൽക്കാലിക നിയമനങ്ങൾ തുടരുന്നു. നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നടത്തുന്നതു ഗൗരവത്തോടെ കാണുന്നുവെന്നും ഇക്കാര്യത്തിൽ ആരോഗ്യ, തദ്ദേശ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിനു ശേഷവും കരാർ നിയമനത്തിന് നേരിട്ട് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് എൻഎച്ച്എം. 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ച് ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എൻഎച്ച്എമ്മിൽ 10938 കരാർ നിയമനങ്ങൾ നടത്തിയപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഒരാൾക്കു മാത്രമാണു നിയമനം നൽകിയതെന്ന വാർത്ത മലയാള മനോരമ നേരത്തെ പുറത്തു വിട്ടിരുന്നു. എൻഎച്ച്എമ്മിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നിയമനം നടത്തുന്നതു ഗൗരവത്തോടെ കാണുന്നുണ്ടോ എന്നു എംഎൽഎമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളിൽ എന്നിവർ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ചുമതലയുള്ള മന്ത്രി ശിവൻകുട്ടി നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയത്. 

വകുപ്പുകൾക്കു നിർദേശം നൽകിയതായി ഫെബ്രുവരി ഒന്നിനാണു മന്ത്രി മറുപടി നൽകിയത്. എന്നാൽ അതിനു ശേഷവും എൻഎച്ച്എമ്മിലേക്കു കരാർ നിയമനങ്ങൾക്കായി നേരിട്ട് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറപ്പിസ്റ്റ്, ഓഡിയോ മെട്രിക് അസിസ്റ്റന്റ്, ഡോക്ടർമാർ, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് അക്കൗണ്ടന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, കോഴിക്കോട് ജില്ലയിലേക്ക് സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ, ഒപ്റ്റോമെട്രിസ്റ്റ്, കണ്ണൂരിലേക്കു ജൂനിയർ കൺസൽറ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ഇതിനു ശേഷം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത ഉള്ളവരോടു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ലാ ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കാനും പരീക്ഷ, കൂടിക്കാഴ്ച തീയതികൾ പിന്നീട് അറിയിക്കും എന്നുമാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. 

English Summary:

NHM appointments are not being made through the employment exchange, despite the minister's assurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com