വന്യജീവി ആക്രമണം: സർക്കാർ തുടർച്ചയായ പരാജയമെന്ന് പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം ∙ വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുന്നെന്നാരോപിച്ച് നിയമസഭയിൽ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി. വയനാട് പടമലയിൽ അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള കോൺഗ്രസിലെ ടി.സിദ്ദീഖിന്റെ നോട്ടിസ് തള്ളിയതോടെയായിരുന്നു പ്രതിപക്ഷ വോക്കൗട്ട്. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കും പരുക്കേറ്റവർക്കും കൃഷിക്കാർക്കും ഉൾപ്പെടെ ഏഴായിരത്തോളം പേർക്കാണ് നഷ്ടപരിഹാരം നൽകാനുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ജനുവരി 30നാണ് ആന ഇറങ്ങിയതെന്നു മന്ത്രി പറഞ്ഞത് തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയിൽ വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. അന്നുതന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസർ ഐഡിയും പാസ്‌വേഡും കർണാടകയിൽ നിന്നു വാങ്ങി. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ആന ബന്ദിപ്പൂരിലേക്ക് പോയി. ഫെബ്രുവരി രണ്ടിന് ആന വീണ്ടും വയനാട്ടിലെത്തി. കർണാടകത്തിന് സിഗ്നൽ കിട്ടുന്നതു പോലെ തന്നെ കേരളത്തിനും സിഗ്നൽ കിട്ടും. സിഗ്നൽ ഡീ കോഡ് ചെയ്യാൻ 3 മണിക്കൂർ എടുക്കും. ആന എത്തിയിട്ടുണ്ടെന്നറിഞ്ഞിട്ടും സ്ഥലം കണ്ടെത്താനുള്ള സംവിധാനമൊന്നും വനംവകുപ്പിനുണ്ടായിരുന്നില്ല.
വന്യജീവികളുടെ ദയാവായ്പിലാണ് വനമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും. കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ്. പട്ടിണിയെ തുടർന്നാണ് പലരും ആത്മഹത്യ ചെയ്യുന്നത്. മരണഭയത്തിന് ഇടയിൽ നിൽക്കുന്നവർ വൈകാരികമായി പെരുമാറും. അല്ലാതെ ആരും ഇളക്കി വിടുന്നതല്ല.
80 വയസ്സുള്ള പിതാവിന്റെയും പക്ഷാഘാതം ബാധിച്ച അമ്മയുടെയും ഭാര്യയുടെയും 2 മക്കളുടെയും ഏക അത്താണിയായിരുന്നു ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷെന്നു ടി.സിദ്ദീഖ് പറഞ്ഞു. മനുഷ്യനല്ല, വന്യജീവികൾക്കാണു മന്ത്രി സംരക്ഷണം കൊടുക്കുന്നത്. ഡൽഹിയിൽ സമരത്തിനു പോയ മന്ത്രി, മരിച്ചവരുടെ വീട്ടിൽ പോകാൻ തയാറായിട്ടില്ല. 2016ൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ മകനു ജോലി നൽകുമെന്നു പറഞ്ഞിട്ടു പാലിച്ചിട്ടില്ലെന്നും അതു പോലെയാകരുത് അജീഷിന്റെ കുടുംബത്തിലൊരാൾക്കു ജോലി നൽകുമെന്ന പ്രഖ്യാപനമെന്നും സിദ്ദിഖ് പറഞ്ഞു.
‘ജനങ്ങളുടെ ജീവനും സ്വത്തിനും പ്രാധാന്യം’
തിരുവനന്തപുരം ∙ തന്റെ ചുമതല വനസംരക്ഷണവും വന്യജീവി സംരക്ഷണവും ആണെന്നും എന്നാൽ, സർക്കാർ എന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യതയുമുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ.
കർണാടകയിൽ നിന്നെത്തിയ ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സഞ്ചാരപഥം 3 മണിക്കൂർ വൈകിയാണ് നമുക്കു ലഭിച്ചത്. വൈകിയാണു വിവരം കിട്ടിയതെങ്കിലും രാവിലെ 6ന് ഉദ്യോഗസ്ഥരെത്തി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന തരത്തിൽ ജനപ്രതിനിധികൾ ഇടപെടരുതെന്നും മന്ത്രി പറഞ്ഞു.