ADVERTISEMENT

തിരുവനന്തപുരം∙ ഭക്ഷ്യവകുപ്പിനെ കൂടെക്കൂട്ടി ധനവകുപ്പിനെ ആക്രമിക്കാൻ നിയമസഭയിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. ബജറ്റിൽ ഭക്ഷ്യവകുപ്പിനുള്ള വിഹിതം വെട്ടിക്കുറച്ചതിനെതിരെ സിപിഐ അംഗങ്ങൾ രംഗത്തുവന്നത് അവസരമാക്കാനാണു പ്രതിപക്ഷം ശ്രമിച്ചതെങ്കിലും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അതിൽ വീണില്ല. പകരം, പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരാണെന്നു കുറ്റപ്പെടുത്തി അദ്ദേഹം ധനവകുപ്പിനെതിരായ അമ്പ് ഡൽഹിയിലേക്കു തിരിച്ചുവിട്ടു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

വിലക്കയറ്റം നേരിടാൻ 2,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച സർക്കാരിന് സപ്ലൈകോയുടെ കുടിശിക പോലും നൽകാൻ കഴിയുന്നില്ലെന്നും സാധനങ്ങൾ ഇല്ലാതെ മാവേലി സ്റ്റോർ തുറന്നു വച്ച് മാവേലിയെ പറയിപ്പിക്കുന്നതു നിർത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മാവേലി സ്റ്റോറിനു പകരം കെ–സ്റ്റോർ എന്നു പേരിടണം. അപ്പോൾ ആളുകൾ അധികമൊന്നും പ്രതീക്ഷവയ്ക്കില്ല. മാവേലി രക്ഷപ്പെടുകയും ചെയ്യും. ഭക്ഷ്യമന്ത്രിയുടെ പത്നിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ലതാദേവി പോലും പണം അനുവദിക്കാത്ത സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണെന്നും ഷാഫി ചൂണ്ടിക്കാട്ടി.

മാസങ്ങളായി സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്കു കുറവുണ്ടെന്നു മന്ത്രി സമ്മതിച്ചു. സപ്ലൈകോയുടെ ഒരു ഉത്തരവാദിത്തം മാത്രമാണു വിപണി ഇടപെടൽ. ഇൗ സ്ഥാപനത്തെ തകർക്കണമെന്നു താൽപര്യപ്പെടുന്നവരുണ്ട്. ആ വിടവിലൂടെ കുത്തക കമ്പനികൾ കയറിക്കൂടാൻ ശ്രമിക്കുകയാണ്. കേന്ദ്രം കേരളത്തോടുകാട്ടുന്ന അവഗണനയെക്കുറിച്ചു പ്രതിപക്ഷം മിണ്ടുന്നില്ല. മാവേലി സ്റ്റോറുകൾക്കു താഴിട്ട് വാമന സ്റ്റോറാക്കി യുഡിഎഫ് സർക്കാർ. സിപിഐക്കുള്ളിലെ ചർച്ച ഇവിടെ കൊണ്ടു വരുന്നത് നിർഭാഗ്യകരമാണ്. അങ്ങനെയെങ്കിൽ കൊലപാതകമടക്കം കോൺഗ്രസിന്റെ ഓഫിസിനുള്ളിൽ നടന്നതും പറയേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമായിരിക്കുമെന്നു വി.ഡി.സതീശൻ പറഞ്ഞു. ഒരൊറ്റ മാവേലി സ്റ്റോർ പോലും യുഡിഎഫ് കാലത്ത് പൂട്ടിയിട്ടില്ല. പുതിയ മാവേലി സ്‌റ്റോറുകളും സൂപ്പർ മാർക്കറ്റുകളും നന്മ സ്റ്റോറുകളും ഉൾപ്പെടെ എത്രയോ സ്ഥാപനങ്ങൾ യുഡിഎഫ് കാലത്തു തുറന്നു. 2500 മുതൽ 3000 കോടി രൂപ വരെയാണ് സപ്ലൈകോയുടെ ബാധ്യത. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോ? പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്‌മെന്റും കൊണ്ട് സർക്കാർ തന്നെ തകർത്തെന്നും സതീശൻ കുറ്റപ്പെടുത്തി.

ധന വകുപ്പിനെതിരെ സ്പീക്കറുടെ റൂളിങ്

നിയമസഭാ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകാത്തതിലും കിഫ്ബി രേഖകൾ സഭയിൽ സമർപ്പിക്കാത്തതിലും ധന വകുപ്പിനെതിരെ സ്പീക്കറുടെ റൂളിങ്. ഇവയെക്കുറിച്ചു മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വിശദീകരണം സ്പീക്കർ അംഗീകരിച്ചില്ല. രണ്ടു വിഷയങ്ങളിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ക്രമപ്രശ്നത്തെ തുടർന്നായിരുന്നു സ്പീക്കറുടെ ഇടപെടൽ. നിയമസഭയുടെ ഒന്നു മുതൽ 9 വരെയുള്ള സമ്മേളനങ്ങളിൽ‍ ബാലഗോപാൽ മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 2943 ചോദ്യങ്ങൾക്ക് ഇതിനകം മറുപടി ലഭ്യമാക്കി. ഇനിയും 256 മറുപടികൾ അവശേഷിക്കുന്നു. സഭയുടെ നടപ്പു സമ്മേളനത്തിൽ ആകെയുള്ള 199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ ഒന്നിനുപോലും മന്ത്രി മറുപടി ലഭ്യമാക്കിയിട്ടില്ല. ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേദിവസം 5 മണിക്കു മുൻപ് മറുപടികൾ ലഭ്യമാക്കണം. ഏതെങ്കിലും സാഹചര്യത്തിൽ സമയപരിധിക്കുള്ളിൽ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ മറുപടി 15 ദിവസം വരെ വൈകിപ്പിക്കാൻ അവസരമുള്ളൂ. ഈ സൗകര്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരിയല്ല. നടപ്പു സമ്മേളനത്തിൽ 12 മന്ത്രിമാർ ഇതിനകം തങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ലഭ്യമാക്കി. ഈ നല്ല മാതൃക ബാലഗോപാൽ ഉൾപ്പെടെ എല്ലാ മന്ത്രിമാരും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സ്പീക്കർ അറിയിച്ചു. 

കിഫ്ബിയുടെ 2022-23ലെ വാർഷിക റിപ്പോർട്ട് 2023 ഡിസംബർ 31നകം സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതായിരുന്നെന്നും സ്പീക്കർ പറഞ്ഞു. അതിനു ശേഷമാണു സഭയിൽ വയ്ക്കുന്നതെങ്കിൽ കാലതാമസം ഉണ്ടായതു സംബന്ധിച്ച വിശദീകരണം കൂടി അതിൽ ഉൾപ്പെടുത്തണം. ഇനി മേലിൽ കിഫ്ബിയുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടും ഫിഡിലിറ്റി സർട്ടിഫിക്കറ്റും വെവ്വേറെ തയാറാക്കണമെന്നും കാലതാമസമില്ലാതെ നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കണമെന്നും സ്പീക്കർ റൂൾ ചെയ്തു.

പ്രസംഗം ചുരുക്കണമെന്ന് സ്പീക്കർ; ചോദ്യംചെയ്ത് സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം ചുരുക്കണമെന്നു സ്പീക്കർ എ.എൻ.ഷംസീർ. ഏറ്റവും കുറച്ചു സമയം വോക്കൗട്ട് പ്രസംഗം നടത്തുന്നത് താനാണെന്നു സതീശൻ‌. വോക്കൗട്ട് പ്രസംഗത്തിനിടെ ഇടയ്ക്കിടെ ഭരണപക്ഷത്തു നിന്നു തടസ്സമുണ്ടാക്കിയതും പ്രസംഗം ചുരുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടതുമാണ് സതീശനെ ചൊടിപ്പിച്ചത്. അര മണിക്കൂർ വരെയായിരുന്നു പണ്ട് പ്രതിപക്ഷ നേതാക്കളുടെ വോക്കൗട്ട് പ്രസംഗമെന്നും അതു 14 മിനിറ്റിൽ താഴെയാക്കിയത് താനാണെന്നും സതീശൻ പറഞ്ഞു. തുടക്കം മുതൽ ഭരണപക്ഷത്തു നിന്ന് തന്നെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ഇടപെടാത്ത സ്പീക്കർ താൻ പ്രസംഗിക്കുമ്പോൾ ഇടപെടുകയാണെന്നും സതീശൻ പറഞ്ഞു.

English Summary:

Opposition walkout from kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com