ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യണം : കേന്ദ്രനിയമ ഭേദഗതിക്കു നിയമസഭ ഒറ്റക്കെട്ട്
Mail This Article
തിരുവനന്തപുരം ∙ ‘ വനത്തിനുള്ളിലും പുറത്തും പെറ്റു പെരുകുന്ന ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിനു’ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. വന്യജീവികൾ ജനവാസമേഖലകളിലിറങ്ങി മനുഷ്യരെ കൊല്ലുകയും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുകയും ചെയ്യുന്നതു വർധിക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രി എ.കെ.ശശീന്ദ്രൻ പ്രമേയം അവതരിപ്പിച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ പ്രജനനത്തിൽ നിയന്ത്രണം കൊണ്ടുവരണമെന്ന സജീവ് ജോസഫിന്റെ ഭേദഗതി നിർദേശം പ്രമേയത്തിൽ ഉൾപ്പെടുത്തി.
ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാടെങ്കിലും കേന്ദ്ര നിയമം അനുവദിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന നിർദേശം കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാനത്തിന്റെ പരിധിയിലാണെന്നതിനാൽ പ്രമേയത്തിൽ ഉൾപ്പെടുത്തുന്നതു ശരിയല്ലെന്നു മന്ത്രി പ്രതികരിച്ചു. മഞ്ഞളാംകുഴി അലി, സണ്ണി ജോസഫ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരും ഭേദഗതികൾ നിർദേശിച്ചു.