സപ്ലൈകോ വിലവർധന: സഭയിൽ പ്രതിപക്ഷ ബഹളം

Mail This Article
തിരുവനന്തപുരം∙ സപ്ലൈകോ 13 നിത്യോപയോഗ സാധനങ്ങൾക്കു വില കൂട്ടിയത് പൊതുവിപണിയിൽ വൻ വിലക്കയറ്റത്തിനിടയാക്കുമെന്നും നിയമസഭ സമ്മേളിക്കുമ്പോൾ മന്ത്രി പുറത്ത് വർധന പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണെന്നും ചൂണ്ടിക്കാട്ടി സഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകൾ പിടിച്ചും കറുത്ത ബാനർ ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ചുമുള്ള പ്രതിപക്ഷ ബഹളത്തെ നേരിടാൻ ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങി. പോർവിളിച്ചും മുദ്രാവാക്യം മുഴക്കിയും വാഗ്വാദത്തിലേർപ്പെട്ടും ഇരുപക്ഷവും സഭയെ ബഹളത്തിൽ മുക്കിയതോടെ സ്പീക്കർ നടപടികൾ വേഗത്തിലാക്കി നിയമസഭ സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ആദ്യം സ്പീക്കർ തള്ളിയിരുന്നു. സമീപകാലത്ത് ഉണ്ടായ സംഭവമല്ലെന്നും കോടതിയുടെ പരിഗണനയിൽ ആണെന്നുമായിരുന്നു സ്പീക്കറുടെ വാദം. ക്രിമിനൽ പ്രവൃത്തി നടത്തിയ ഗൺമാൻ സഭയിൽ പോലും മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുകയാണെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം സ്പീക്കർ തടഞ്ഞു. ഇതോടെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. തുടർന്നാണ് തിരികെയെത്തി സപ്ലൈകോ വിഷയം വി.ഡി.സതീശൻ ഉന്നയിച്ചത്. വിലകൂട്ടില്ലെന്നു ജനങ്ങൾക്ക് വാക്കുനൽകി അധികാരത്തിലെത്തിയ സർക്കാർ 70% സബ്സിഡി പകുതിയാക്കി വെട്ടിക്കുറച്ചെന്നും ഒരിടത്തും 13 നിത്യോപയോഗ സാധനങ്ങൾ കിട്ടാനില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
എന്നാൽ, താൻ സഭയ്ക്ക് പുറത്ത് പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ സംശയത്തിനു മറുപടി നൽകുകയായിരുന്നെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. 25% ആയിരുന്ന സബ്സിഡി 35% ആക്കുകയാണ് ചെയ്തത്. സബ്സിഡി കൂട്ടിയതോടെ വിപണിയിൽ വില കുറയും. 2014ലാണ് ഒടുവിൽ സബ്സിഡി സാധനങ്ങൾക്കു വില കൂട്ടിയത്. അന്നു മൂന്നുവട്ടം കൂട്ടി. 2014ലെ വിലയ്ക്കാണ് അവശ്യവസ്തുക്കൾ ഇപ്പോഴും നൽകുന്നത്. പൊതുവിപണിയിലെയും സബ്സിഡി നിരക്കിലെയും വില തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി പറഞ്ഞതു കള്ളമാണെന്നു വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. പക്ഷേ, വിലക്കയറ്റമല്ല, സബ്സിഡി കൂട്ടുകയാണു ചെയ്തതെന്നു മന്ത്രി പറയുന്നതേ തനിക്കു വിശ്വസിക്കാനാവൂ എന്നു സ്പീക്കർ വ്യക്തമാക്കി. അതോടെ, 'കേരളം കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി' എന്നെഴുതിയ കറുത്ത ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
കാഴ്ച മറയ്ക്കുന്നതു ശരിയല്ലെന്ന് സ്പീക്കർ പലവട്ടം ആവർത്തിച്ചിട്ടും പ്രതിപക്ഷാംഗങ്ങൾ ബാനർ താഴ്‌ത്തിയില്ല. പിന്നാലെ ഭരണപക്ഷ അംഗങ്ങൾ നടുത്തളത്തിനരികിലെത്തി. പി.പി.ചിത്തരഞ്ജന്റെ നേതൃത്വത്തിൽ അവർ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കി. ബഹളത്തെ തുടർന്നാണ് സ്പീക്കർ നടപടികൾ വേഗത്തിലാക്കി സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്. ഇതിനിടെ ധനവിനിയോഗ ബിൽ, വോട്ട് ഓൺ അക്കൗണ്ട് എന്നിവ സഭ പാസാക്കി.