മോദി ‘പ്രേമ’വും ഗഡ്കരി ‘വിജയ’വും

Mail This Article
പ്രധാനമന്ത്രി വിളിച്ചപ്പോൾ എൻ.കെ.പ്രേമചന്ദ്രൻ എംപി വിരുന്നിനു പോയതിൽ യുഡിഎഫ്–ബിജെപി അന്തർധാര മാത്രമേ കഴിഞ്ഞ തവണ കൊല്ലത്ത് അദ്ദേഹത്തോട് ഒന്നര ലക്ഷത്തിനു തോറ്റ മന്ത്രി കെ.എൻ.ബാലഗോപാലും ദർശിക്കുന്നുളളൂ. പക്ഷേ ഒരു വിരൽ പ്രേമചന്ദ്രനിലേക്ക് ചൂണ്ടുമ്പോൾ നാലു വിരൽ സ്വന്തം നെഞ്ചിലേക്കെന്നു ഭരണപക്ഷം ഓർക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അഭിപ്രായമുണ്ട്.
ബിജെപി മുൻ അധ്യക്ഷനും ആർഎസ്എസ് ആസ്ഥാനം ഇരിക്കുന്ന നാഗ്പുർ എംപിയും സർസംഘചാലക് മോഹൻ ഭാഗവതിന്റെ മാനസപുത്രനുമായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ക്ലിഫ് ഹൗസിൽ വിരുന്നൊരുക്കിയത് മറന്നുപോയോ? ആർഎസ്എസ് നേതാവുമായി പിണറായിയുടെ അത്താഴ നയതന്ത്രമെന്നു യുഡിഎഫ് ആക്ഷേപിച്ചോ? സതീശൻ ചോദിച്ചു.
ലീഗിനെതിരെ കെ.ടി.ജലീൽ ഇടയ്ക്കിടെ രോഷം കൊള്ളുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തിയത് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീനാണ്. എൽഡിഎഫിൽ പ്രസക്തി കുറഞ്ഞെന്നു തോന്നിയാലാണത്രെ ജലീൽ ലീഗിന്റെ മേൽ കുതിര കയറുന്നത്. സ്വന്തം നെഞ്ചിൽ കൈ വച്ചാൽ പല സംശയങ്ങൾക്കും ജലീലിന് ഉത്തരം ലഭിക്കുമെന്ന ടി.വി.ഇബ്രാഹിമിന്റെ മറുപടിയിൽ ഒരു തത്വജ്ഞാനിയുടെ സ്വരം. കാട്ടിൽ തീറ്റയില്ലാതെ നാട്ടിലേക്ക് വന്യജീവികൾ ഇറങ്ങുന്നതിലും കയ്യിൽ പത്തു പൈസ ഇല്ലാതെ ജനങ്ങൾക്ക് സമരത്തിന് ഇറങ്ങേണ്ടി വരുന്നതിലും മോൻസ് ജോസഫ് സാമ്യം കണ്ടെത്തി.
രണ്ടു പതിറ്റാണ്ടായി നിയമസഭയിൽ ഉന്നയിക്കുന്ന ആവശ്യം ഇന്നലെ വീണ്ടും ഒരിക്കൽ കൂടി കോവൂർ കുഞ്ഞുമോൻ പറഞ്ഞപ്പോൾ മിനിറ്റ് വച്ച് മന്ത്രി ബാലഗോപാൽ അംഗീകരിച്ചു: ശാസ്താംകോട്ട കായൽ സംരക്ഷണത്തിന് ഇരിക്കട്ടെ ഒരു കോടി. മന്ത്രിയാക്കിയില്ലെങ്കിലും കോവൂരിന്റെ ഒരു ആവശ്യമെങ്കിലും എൽഡിഎഫിന്റെ സർക്കാർ നടത്തിക്കൊടുത്തു.
∙ ഇന്നത്തെ വാചകം
‘തിരിച്ചടവിനു മാർഗമില്ലാതെ പണം കടമെടുത്താൽ വ്യക്തികളായാലും സംഘടനകളായാലും സർക്കാരായാലും തകർന്നു പോകുകയേയുള്ളൂ.’ – ഉമ തോമസ് (കോൺഗ്രസ്)