ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കൃഷിമേഖല പൂർണ തകർച്ചയിലാണെന്നും കൃഷിക്കാരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസും ഇറങ്ങിപ്പോക്കും. എന്നാൽ, കേന്ദ്രസർക്കാരിനെതിരെ കൃഷിക്കാർ സമരം നടത്തുമ്പോൾ ആ വിഷയം കൂടി അടിയന്തര പ്രമേയ നോട്ടിസിൽ ഉൾപ്പെടുത്താമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി പി.പ്രസാദ്, എൽഡിഎഫ് സർക്കാർ കൃഷിക്കാരെ ഒരു കാലത്തും അവഗണിച്ചിട്ടില്ലെന്നു വ്യക്തമാക്കി. ലീഗ് അംഗം കുറുക്കോളി മൊയ്തീനാണ് നോട്ടിസ് അവതരിപ്പിച്ചത്. 

ഡൽഹിയിലെ കർഷക സമരത്തിൽ ഇടതു സംഘടനകൾ പങ്കെടുക്കുന്നില്ലെന്നും  ദേശീയ സാഹചര്യത്തെക്കാൾ ഗുരുതരമാണ് കേരളത്തിലെ കർഷകരുടെ അവസ്ഥയെന്നും കുറുക്കോളി മൊയ്തീൻ ചൂണ്ടിക്കാട്ടി. 2016ന് ശേഷം കേരളത്തിലെ കർഷകർ അതിമഹത്തായ സൗകര്യങ്ങൾ അനുഭവിക്കുന്നെന്നു പറയുന്ന മന്ത്രിക്ക് എവിടുന്നാണ് ഇൗ കണക്കു കിട്ടിയതെന്നറിയില്ല. നാളികേര സംഭരണം 2016ൽ നിർത്തിയിട്ട് 2022ലാണ് തുടങ്ങുന്നത്. മന്ത്രി കള്ളം പറഞ്ഞാൽ കർഷകർ രക്ഷപ്പെടില്ല. പച്ചത്തേങ്ങ സംഭരണത്തിൽ ഉമ്മൻ ചാണ്ടി സർക്കാരാണ് മാതൃക. കാർഷിക വിളകളുടെ സംഭരണം സർക്കാർ കാര്യക്ഷമമാക്കണം. തേങ്ങ കിലോയ്ക്ക് 50 രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യമായ ഉത്തരവുകളിലൂടെ‌ സാമ്പത്തികമായും സാങ്കേതികമായും കർഷകരെ സഹായിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു മന്ത്രി മറുപടി നൽകി. ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർധന എന്നിവ യാഥാർഥ്യമാകുകയാണ്. വിപണി അധിഷ്ഠിത ഉൽപാദനം സാധ്യമാക്കാനും ഉൽപന്നങ്ങൾക്കു പരമാവധി വില ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. കർഷകരുടെ പ്രശ്‌നങ്ങൾ പറയുമ്പോൾ സർക്കാരിന് പരിഹാസവും പുച്ഛവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. തെങ്ങ് കയറുന്നതിനു കൊടുക്കേണ്ട കൂലി നാളികേരം വിറ്റാൽ കിട്ടാത്ത അവസ്ഥയാണ്. നാളികേരത്തിന്റെ സംഭരണ വില 34 രൂപയായി പ്രഖ്യാപിച്ചു.

നാളികേര സംഭരണം കൃത്യമായി നടന്നിരുന്നെങ്കിൽ കർഷകർക്ക് ആശ്വാസമായേനെ. 50,000 ടൺ നാളികേരം സംഭരിക്കാൻ അനുമതി ലഭിച്ചിട്ട് അഞ്ചിലൊന്ന് മാത്രമേ സാധ്യമായുള്ളൂ. അതേസമയം തമിഴ്‌നാട് 50,000 ടൺ സംഭരിക്കുകയും 35,000 ടൺ കൂടി സംഭരിക്കാനുള്ള പ്രത്യേക അനുമതി നേടുകയും ചെയ്തു. തമിഴ്‌നാട് എൺപതിനായിരത്തോളം ടണ്ണിലേക്ക് എത്തുമ്പോൾ കേരളത്തിൽ നാളികേര സംഭരണം പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിജയകരമായിരുന്ന നാളികേര സംഭരണം 2017-18 മുതൽ 2020-21 വരെ പൂർണമായും മുടങ്ങിയെന്നും സതീശൻ പറഞ്ഞു.

നിയമസഭ ഇന്ന് പിരിയും

ബജറ്റ് സമ്മേളനം കഴിഞ്ഞ് 4 മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്നു പിരിയും. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനാൽ അദ്ദേഹത്തിനു പകരം മന്ത്രി പി.രാജീവ് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കാനാണു സാധ്യത. സമ്പൂർണ ബജറ്റ് അടുത്ത സാമ്പത്തിക വർഷമാകും പാസാക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് ഇൗ മാസം പ്രഖ്യാപിച്ചേക്കുമെന്ന സൂചന കണക്കിലെടുത്താണ് സമ്മേളനം നേരത്തേ പിരിയാൻ‌ തീരുമാനിച്ചത്.

‘ഗഡ്കരിക്കു വിരുന്നൊരുക്കിയിട്ട് പ്രേമചന്ദ്രനെ വിമർശിക്കുന്നു’

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നിൽ പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രൻ എംപിക്കെതിരെ വിരൽ ചൂണ്ടുന്നവർ ബാക്കി 4 വിരലുകളും സ്വന്തം നെഞ്ചത്തേക്കാണു ചൂണ്ടുന്നതെന്ന് ഓർക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ആർഎസ്എസ് മേധാവിയുടെ മാനസപുത്രനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്ന് ഒരുക്കിയില്ലേ? അതിനെ യുഡിഎഫിലെ ആരും വിമർശിച്ചില്ല. അതാണു തങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം.

മാസ്കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസ് നേതാക്കളും മുഖ്യമന്ത്രി പിണറായിയും തമ്മിൽ നടത്തിയ ചർച്ച എന്തിനു വേണ്ടിയാണെന്ന് ഇതുവരെ ആരോടും പറയാത്തവരാണു നിങ്ങൾ. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ശ്രീ എമ്മിന് 4 ഏക്കർ പതിച്ചു കൊടുക്കുകയും ചെയ്തു. എന്തു കാര്യത്തിനാണെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഇതൊക്കെ ചെയ്തവരാണു പ്രേമചന്ദ്രനെതിരെ വിരൽ ചൂണ്ടുന്നത് – സതീശൻ കുറ്റപ്പെടുത്തി.

English Summary:

Government failed to protect farmers: Opposition leave assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com