ADVERTISEMENT

തിരുവനന്തപുരം ∙ സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കു വില കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവുണ്ടായിരുന്നു. 

Read Also: ഗതാഗത കമ്മിഷണറെ ശാസിച്ച് ഗണേഷ്; രൂക്ഷമായി പ്രതികരിച്ച് കമ്മിഷണർ

ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് വിലകൂട്ടാൻ സർക്കാർ ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനു നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 

വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തേ അനുമതി നൽകിയിരുന്നു. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി. വിപണിവിലയിൽ 25% സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാൽ, 35% എന്ന ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു. 

supplyco-price-hike-table-JPG

സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിൽപനശാലകളിൽ ഇല്ല.

English Summary:

Supplyco prices hiked; prices of 13 items including rice and sugar will increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com