‘കാലിക്കുപ്പി ബാധ്യത’: ഹരിതകർമ സേനയുടെ സഹായം തേടി ബവ്കോ

Mail This Article
തിരുവനന്തപുരം ∙ മദ്യത്തിന്റെ കാലിക്കുപ്പി ശേഖരിക്കാൻ ഹരിതകർമസേനയെ സമീപിച്ച് ബവ്റിജസ് കോർപറേഷൻ. ബവ്കോ വഴി വിൽക്കുന്ന മദ്യത്തിന്റെ 90 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണ് എത്തുന്നത്. കാലിക്കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നതു മാലിന്യ പ്രശ്നമായി മാറുന്ന സാഹചര്യത്തിലാണ് ഇടപെടൽ.
കുപ്പി ശേഖരിക്കാനും വീപ്പകൾ സ്ഥാപിക്കാനുമായി ബവ്കോയുടെ സിഎസ്ആർ ഫണ്ടിൽനിന്നു ഹരിതകർമസേനയ്ക്കു പണം നൽകും. പ്ലാസ്റ്റിക് കുപ്പിയിൽ നൽകുന്ന ഉൽപന്നം വിറ്റുതീർന്ന ശേഷം പ്ലാസ്റ്റിക് തിരിച്ചെടുത്തു സംസ്കരിക്കേണ്ടത് ഉൽപന്ന നിർമാതാക്കളുടെ ചുമതലയായതിനാൽ മദ്യനിർമാതാക്കളിൽ നിന്നു നിശ്ചിത തുക ഈടാക്കും. ഡിസ്റ്റിലറി അസോസിയേഷനുമായും തുടർന്നു ഹരിതകർമസേനയുമായും ബവ്കോ ചർച്ച നടത്തും.
കാലിക്കുപ്പി സംഭരിക്കാൻ മദ്യക്കമ്പനികളിൽനിന്നു പണമീടാക്കി നേരത്തേ ക്ലീൻ കേരള കമ്പനിയെ ബവ്കോ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ മദ്യക്കമ്പനികൾ പിന്നോട്ടു പോയതോടെ പദ്ധതി നിലച്ചു. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യവിതരണം അനുവദിക്കില്ലെന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ചില്ലുകുപ്പികൾ കേരളത്തിൽ നിർമിക്കുന്നില്ലെന്നും വിദൂര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമ്പോൾ ചെലവേറുമെന്നും ചൂണ്ടിക്കാട്ടി മദ്യക്കമ്പനികൾ എതിർത്തു.
പ്ലാസ്റ്റിക് കുപ്പിക്ക് 6 രൂപ ചെലവു വരുമ്പോൾ, ഒരു ചില്ലു കുപ്പി എത്തിക്കുന്നതിന് 20 രൂപയിലധികം ചെലവു വരുമെന്നായിരുന്നു വാദം.
ഫുൾ കുപ്പി (750 എംഎൽ) മദ്യം ചില്ലുകുപ്പിയിൽ വേണമെന്ന തീരുമാനം 2022ൽ നടപ്പാക്കിയെങ്കിലും കമ്പനികൾ 750 എംഎൽ കുപ്പികൾ ഒഴിവാക്കി മറ്റ് അളവുകളിലേക്കു മാറിയതിനാൽ ഈ തീരുമാനം ഫലം കണ്ടില്ല.
ഖരമാലിന്യ സംസ്കരണം തദ്ദേശവകുപ്പ് പ്രധാന അജൻഡയായി ഏറ്റെടുത്തതോടെയാണു വീണ്ടും കുപ്പിശേഖരണത്തിനു നടപടി തുടങ്ങിയത്. എക്സൈസ്, തദ്ദേശവകുപ്പുകൾ ഒരു മന്ത്രിക്കു കീഴിലാണ്. ഹരിതകർമസേന ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്കു കൈമാറും.
മദ്യശാലകൾ വഴി കാലിക്കുപ്പി തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്നാട്ടിലെ മദ്യശാലകളിൽ ആരംഭിക്കാനിരിക്കുകയാണ്. ഓരോ കുപ്പി വാങ്ങുമ്പോഴും 10 രൂപ അധികം നൽകണം. കാലിക്കുപ്പി തിരിച്ചേൽപിക്കുമ്പോൾ 10 രൂപ തിരികെ കിട്ടും. കേരളത്തിൽ കുപ്പിശേഖരണത്തിനുള്ള മാർഗങ്ങൾ തീരുമാനിച്ചിട്ടില്ല.