ഇ.ഡി സമൻസ്: ഐസക്ക് ഒരുവട്ടം ഹാജരാകാമോ എന്ന് കോടതി

Mail This Article
കൊച്ചി ∙ മസാല ബോണ്ട് അന്വേഷണത്തിന്റെ ഭാഗമായുള്ള ഇ.ഡി. സമൻസിനോടു കോടതിയുടെ ഉറപ്പിനു വിധേയമായി ഒറ്റത്തവണ ഹാജരാകാനാകുമോ എന്നു മുൻ മന്ത്രി തോമസ് ഐസക്കിനോടും കിഫ്ബി അധികൃതരോടും ഹൈക്കോടതി ആരാഞ്ഞു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാനാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.
മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ആരോപിച്ച് ഇ.ഡി. നൽകിയ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക്കും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.
അറസ്റ്റ്, ഭീഷണിപ്പെടുത്തൽ, ചോദ്യം ചെയ്യൽ എന്നിവയുണ്ടാകില്ലെന്നും വസ്തുതകൾ ലഭിക്കാൻ വേണ്ടി മാത്രമുള്ള അന്വേഷണം ആയിരിക്കുമിതെന്നും കോടതി പറഞ്ഞു. ഇതിനുശേഷം എന്ത് തുടർനടപടി വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണമാണു നടക്കുന്നതെന്ന് ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. നടപടികൾ റെക്കോർഡ് ചെയ്യുന്നതിനാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. സഹാറ, നിഹാരിക കേസുകളിലെ സുപ്രീം കോടതി ഉത്തരവുകൾ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം.