ADVERTISEMENT

പാലക്കാട് ∙ നാട്ടിലിറങ്ങിയ കാട്ടാനകളെയും കടുവകളെയും നിയന്ത്രിക്കാൻ വനംവകുപ്പു പാടുപെടുമ്പോൾ, കാട്ടാനയെ തളച്ച ഒരു മന്ത്രിയുണ്ട് കേരളത്തിൽ. അന്നു കാട്ടാന മയങ്ങിയത് ഇന്നത്തെ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു മുന്നിലാണ്. 1988 മാർച്ചിലാണു സംഭവം. പറമ്പിക്കുളം കാട്ടിൽനിന്നു തമിഴ്നാട് വഴി മീനാക്ഷിപുരത്തെ ജനവാസമേഖലയിൽ കാട്ടാനയെത്തി. ഡിഎഫ്ഒ രവീന്ദ്രന്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥരും പൊലീസും വാഹനത്തിൽ കാട്ടാനയുടെ പിന്നാലെ. കാട്ടാന 35 കിലോമീറ്റർ നടന്നു വടവന്നൂരിലെത്തി.

മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് കിട്ടിയതോടെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നു സംഘമെത്തി. മയക്കുവെടി വിദഗ്ധനായ ഡോ.കെ.സി.പണിക്കരും ഡോ.ജേക്കബ് ചീരനും ചേർന്നു 100 മീറ്റർ അകലെനിന്നു 3 തവണ വെടിവച്ചെങ്കിലും ലക്ഷ്യം പിഴച്ചു. കാട്ടാന ആക്രമണ സ്വഭാവം കാട്ടിയതോടെ പഴയ ഷൂട്ടിങ് ചാംപ്യനായ കൃഷ്ണൻകുട്ടിയെ ഉദ്യോഗസ്ഥർ വരുത്തി. അദ്ദേഹം ആദ്യം 50 മീറ്റർ ദൂരത്തു നിന്നു വെടിയുതിർത്തെങ്കിലും പിഴച്ചു. അടുത്ത ശ്രമം 20 മീറ്റർ ദൂരത്തുനിന്ന്. അതു ലക്ഷ്യം കണ്ടു. നിമിഷങ്ങൾക്കകം കാട്ടാന മയക്കം തുടങ്ങി. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ വനപാലകർ ആനയെ ലോറിയിൽ കയറ്റി പൊള്ളാച്ചി ആനവളർത്തൽ കേന്ദ്രത്തിലെത്തിച്ചു. 1960–65 ൽ സംസ്ഥാന ഷൂട്ടിങ് ചാംപ്യനായിരുന്നു കൃഷ്ണൻകുട്ടി.

English Summary:

Minister K Krishnankutty darting wild elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com