ADVERTISEMENT

തൃശൂർ ∙ അമിതഭാരം കയറ്റിയതിനു പിടിക്കപ്പെട്ട ലോറിയുമായി കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ മോട്ടർ വാഹന ഉദ്യോഗസ്ഥൻ ചെകിട്ടത്തടിച്ചെന്നു പരാതി. കർണപുടത്തിനു ക്ഷതമേറ്റ നിലയിൽ നെല്ലായി കയ്പഞ്ചേരി ഷിബിൽ ഷിന്നിയെ (25) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷനിൽ ഷിബിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, ലോറിയുമായി രക്ഷപ്പെട്ട ഷിബിലിനെ തടഞ്ഞുനിർത്തിയപ്പോൾ തന്നെ ആക്രമിച്ചു തള്ളിവീഴ്ത്തിയെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുംകാട്ടി തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് എഎംവിഐ പയസ് ഗിറ്റ് പൊലീസിനു പരാതി നൽകി. 14നു രാത്രി 11.30നു ജിയോളജി, പൊലീസ്, മോട്ടർ വാഹന വകുപ്പുകൾ ചേർന്നു നടത്തിയ സ്പെഷൽ ഡ്രൈവിനിടെ പാലിയേക്കരയിലാണു സംഭവം. നടന്നത്.

നെടുമ്പാശ്ശേരിക്കു കരിങ്കല്ലുമായി പോയിരുന്ന ലോറിയിൽ  കൂടുതൽ ഭാരം കയറ്റിയിട്ടുണ്ടെന്നു  കണ്ടതോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ഭാരം പരിശോധിക്കാൻ പുതുക്കാട്ടെ വേയിങ് ബ്രിജിലേക്കു ലോറി എത്തിക്കാൻ  നിർദേശിച്ചു. എന്നാൽ, ഷിബിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഈ ലോറി ഉദ്യോഗസ്ഥർ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം  തടഞ്ഞു. ഈ സമയത്ത്  ഒരു ഉദ്യോഗസ്ഥൻ മുഖത്തടിച്ചെന്നും തന്റെ കണ്ണട ഊരിത്തെറിച്ചു പോയെന്നും ഷിബിലിന്റെ പരാതിയിൽ പറയുന്നു. അമിത ഭാരം കണ്ടെത്തിയാൽ തന്റെ ലൈസൻസ് റദ്ദാക്കുമെന്ന ഭയത്താൽ രക്ഷപ്പെടാൻ ശ്രമിച്ചതാണെന്നും ഷിബിൽ പറയുന്നു. 

എന്നാൽ, വാഹനത്തിൽ നിന്നിറങ്ങി  തന്നെ തള്ളിയിട്ടശേഷം ഷിബിൽ ഓടിരക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥന്റെ പരാതി. കർണപുടത്തിനു ഗുരുതര ക്ഷതമുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനകം കേൾവിത്തകരാർ ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചെന്നു ഷിബിൽ പറഞ്ഞു. 

അനുവദനീയമായതിനേക്കാൾ 25 ടൺ അധികം ഭാരം കയറ്റിയെന്നു കണ്ടെത്തിയതിനെത്തുടർന്നു ടിപ്പർ ഉടമയിൽ നിന്ന് 47,500 രൂപ പിഴ ഈടാക്കിയതായും ഷിബിലിനു നോട്ടിസ് നൽകിയതായും എൻഫോഴ്സ്മെന്റ് ആർടിഒ ജെബി ഐ. ചെറിയാൻ പറഞ്ഞു.

English Summary:

Complaint that motor vehicle officer slapped Lorry driver on his face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com