ഉന്നത വിദ്യാഭ്യാസം: കുടിയേറ്റം പൂർണമായി ഇല്ലാതാക്കാനാവില്ലെന്നു മുഖ്യമന്ത്രി

Mail This Article
കോഴിക്കോട്∙ വിദ്യാർഥികൾ കൂട്ടത്തോടെ കേരളം വിടുന്നു എന്ന പ്രചാരണത്തിൽ വലിയ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്ര അവസരം ഒരുക്കിയാലും ഈ കുടിയേറ്റം പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. അത് അവരുടെ അവകാശത്തിന്റെ പ്രശ്നം കൂടിയാണ്. എങ്കിലും കുറച്ചു പേരെയെങ്കിലും തിരിച്ചെത്തിക്കാൻ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല പൂർണമായും മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിന്റെ തുടർച്ചയായി നടത്തുന്ന മുഖാമുഖ പരമ്പരകളിൽ ആദ്യ പരിപാടിയായ കോളജ് വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ വിവിധ കോളജുകൾ, സർവകലാശാലകൾ, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണു മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്. മണിപ്പുരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെത്തി കണ്ണൂർ സർവകലാശാലയിൽ പഠനം തുടരുന്ന മണിപ്പുർ സ്വദേശികളായ 4 വിദ്യാർഥികളും സംവാദത്തിനെത്തിയിരുന്നു. മന്ത്രി ആർ.ബിന്ദു ആധ്യക്ഷ്യം വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ പ്രസംഗിച്ചു.
വൈജ്ഞാനിക പദവി മുതൽ എഐ വരെ
മലയാള ഭാഷയുടെ വൈജ്ഞാനിക പദവി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ വരെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കു മുൻപിൽ അവതരിപ്പിച്ച് വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർദേശങ്ങൾ സമർപ്പിക്കാനാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവിലെ പ്രശ്നങ്ങൾ ചോദ്യങ്ങളായി അവർ ഉയർത്തി.
നേരത്തേ തിരഞ്ഞെടുക്കപ്പെട്ട 60 പേർക്കു സദസ്സിൽ ചോദ്യങ്ങളും നിർദേശങ്ങളും അവതരിപ്പിക്കാൻ അവസരം നൽകി. ചോദ്യങ്ങൾ നേരിട്ട് ഉന്നയിക്കാൻ അവസരം ലഭിക്കാത്തവർക്ക് എഴുതി നൽകാൻ നിർദേശിച്ചു. ഓരോരുത്തരുടെയും ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനു പകരം എല്ലാ ചോദ്യങ്ങൾക്കുമായി അവസാനം മുഖ്യമന്ത്രി മറുപടിപ്രസംഗം നടത്തുകയായിരുന്നു.