ADVERTISEMENT

തിരുവനന്തപുരം ∙ ഫെബ്രുവരി പകുതിയായപ്പോഴേക്കും കേരളം വെന്തുരുകുന്നു. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാമാപിനികളിലെ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമായിരുന്നു ഇന്നലെ ചൂട്.

ഈ മാപിനികളിലെ താപനില കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗിക രേഖകളിൽ ചേർക്കാറില്ലെങ്കിലും അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്താറുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഉയർന്ന താപനില; 37.9 ഡിഗ്രി.

ചൂട് ഇനിയും കൂടുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും ചൂടുമായി ബന്ധപ്പെട്ട യെലോ അലർട്ട് പ്രഖ്യാപിച്ചു. താപനില 3–4 ഡിഗ്രി വരെ ഉയരാം. മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്.

മൂന്നാറിൽ 17.8 ഡിഗ്രി സെൽഷ്യസായിരുന്നു. മാർച്ച് പകുതിയോടെ മാത്രമാണു വേനൽമഴ പ്രതീക്ഷിക്കുന്നത് എന്നതിനാൽ അത്യുഷ്ണത്തെ നേരിടാനുള്ള കർമപദ്ധതികൾ ഇത്തവണ നേരത്തേ പ്രഖ്യാപിച്ചേക്കും.

∙ പകൽ 11.00–3.00: വെയിലേൽക്കരുത്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്നു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്നു വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

∙ വാട്ടർ ബെൽ ഇന്നുമുതൽ

കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വാട്ടർ ബെൽ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ.വൊക്കേഷനൽ ഗവ.എച്ച്എസ്എസിൽ നിർവഹിക്കും. കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നതിന് എല്ലാ സ്കൂളുകളിലും രാവിലെ 10.30 നും, ഉച്ചയ്ക്ക് 2.30നും ബെൽ അടിക്കും.

English Summary:

Yellow alert today in Thiruvananthapuram, Kozhikode and Kannur districts due to heat weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com