ADVERTISEMENT

ന്യൂഡൽഹി ∙ കടമെടുപ്പിന്റെ പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാവില്ലെന്ന് കേരളം അറിയിച്ചതോടെ അന്തിമവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഇതിനായി ഹർജികൾ മാർച്ച് 6ലേക്കു മാറ്റി.

കേന്ദ്രവും സംസ്ഥാനവും അഭിപ്രായ ഐക്യമുണ്ടാക്കണമെന്ന നിലപാടായിരുന്നു ഇന്നലെയും സുപ്രീം കോടതി മുന്നോട്ടുവച്ചത്. എന്നാൽ, 24,000 കോടി അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന കേരളം, കേന്ദ്രം സംസ്ഥാനത്തെ ഞെരിക്കുകയാണെന്നും ഹർജി പിൻവലിക്കാൻ ആവശ്യപ്പെടുകയാണെന്നും ആരോപിച്ചു. കേന്ദ്രവും കേരളവും തമ്മിൽ 15ന് നടന്ന ചർച്ച പരാജയമായിരുന്നു. ഈ ചർച്ചയിലെ അതൃപ്തി വെളിവാക്കിയാണ് ഇരുവിഭാഗവും വാദിച്ചത്. 

കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിന്റെ വാദങ്ങളെ കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എൻ.വെങ്കിട്ടരാമൻ ശക്തിയായി എതിർത്തതോടെ അന്തിമ വാദം കേൾക്കാതെ കോടതിക്കും വഴിയില്ലാതായി.

വിഷയത്തിൽ വിദഗ്ധരല്ലെന്നും ഇടക്കാല ഉത്തരവിറക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. എന്നാൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സ്ഥിതി മോശമാണെന്നും കപിൽ സിബൽ ആവർത്തിച്ചു. ഈ വർഷാവസാനത്തിലേക്ക് കാര്യങ്ങൾ നീണ്ടാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും സിബൽ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം പോലും കേന്ദ്രത്തിനുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. കേരളത്തിനായി സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും ഹാജരായി.

നല്ലതു ചെയ്തതിന്റെ പേരിലാണ് ശിക്ഷിക്കപ്പെടുന്നതെന്നും വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളം ചെലവഴിക്കുന്ന തുക രാജ്യത്തെ ഒരു സംസ്ഥാനവും ചെലവഴിക്കുന്നില്ലെന്നും കപിൽ സിബൽ വാദിച്ചു. വായ്പാപരിധി കടന്നുപോയത് ഇതു കൊണ്ടാണെന്നും കേരളം വാദിച്ചെങ്കിലും കേന്ദ്രം ഇതു തള്ളി. സംസ്ഥാനങ്ങളുടെ ശരാശരി ചെലവ് റവന്യു വരുമാനത്തിന്റെ 60% ആണെന്നും കേരളത്തിന്റെ 82% ആണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള വാദം മുറുകിയപ്പോൾ, കോടതിമുറിയിൽ രാഷ്ട്രീയം പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

കേരളം പറഞ്ഞത്

നിയമപ്രകാരം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം. ഇതു കടമെടുപ്പു പരിധിയിൽ തന്നെ ഉൾപ്പെടുന്നു. നിലവിലെ ഹർജിക്ക് ഈ വായ്പാതുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്പയെടുക്കാൻ അടിയന്തരമായി അനുവദിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം. എന്നാൽ, ഹർജി ചൂണ്ടിക്കാട്ടി ഇതു നിഷേധിക്കുകയാണ്.

കേന്ദ്രം പറഞ്ഞത്

ഈ സാമ്പത്തിക വർഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുക. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിനു മുൻപു തന്നെ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഊർജ മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള വായ്പ കൂടി പരിഗണിച്ചാൽ കേരളത്തിന്റെ വായ്പാപരിധി ഈ വർഷം 48,049 കോടി ആകും. 

കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ, രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ ഉടൻ നൽകാം. ഇതിനായി സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കണം. 

കേന്ദ്ര ഗ്രാന്റ് ഔദാര്യമല്ല, അവകാശം: മുഖ്യമന്ത്രി

കൊട്ടാരക്കര ∙ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് ഔദാര്യമല്ലെന്നും ഭരണഘടനാപരമായ സംസ്ഥാനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ ദിനാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധനകാര്യ കമ്മിഷന്റെ മാർഗരേഖയ്ക്കു വിരുദ്ധമായി സ്വന്തം നിലയിൽ ധനമന്ത്രാലയം മാനദണ്ഡങ്ങൾ അടിച്ചേൽപിക്കുന്നു. കമ്മിഷന്റെ അധികാരത്തിൽ കടന്നുകയറുന്നത് ഭരണഘടനാ വിരുദ്ധമാണ്. പുതിയ നിബന്ധനകളിലൂടെ നിഷേധിക്കുന്നത് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ബാധിക്കും: മന്ത്രി ബാലഗോപാൽ

കൊല്ലം ∙ സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിച്ചാലേ കേരളത്തിന് അർഹതപ്പെട്ട പണം പോലും നൽകുകയുള്ളൂവെന്ന കേന്ദ്രസർക്കാർ നിലപാട് സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. 

പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നൽകിയില്ലെങ്കിലും 12,000 കോടി രൂപ ലഭിക്കേണ്ടതാണ്. പക്ഷേ കേസ് പിൻവലിക്കാതെ ആ പണം പോലും നൽകില്ലെന്നാണ് കേന്ദ്രം സ്വീകരിച്ച നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

Borrowing limit: Kerala says talks futile; Now the court will decide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com